ഇരിട്ടി: അതിമാരക മയക്കുമരുന്നായ ആംഫിറ്റാമിനുമായി കണ്ണൂർ സ്വദേശിയായ യുവാവ് പേരാവൂർ എക്‌സൈസിന്റെ പിടിയിലായി. പള്ളിപ്രം സ്വദേശി അപ്പു എന്ന ഷിജിൻ കെ (24) നെ പെരുമ്പുന്ന ടൗണിൽ വച്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെ പേരാവൂർ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

ഇയാളിൽ നിന്ന് 0.890 ഗ്രാം ആംഫിറ്റാമിൻ കണ്ടെടുത്തു. ജോയിന്റ് എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എം.വി. അഷറഫിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. വയനാട്ടിൽ നിന്ന് സ്‌കൂട്ടിയിൽ കണ്ണൂരിലേക്ക് ഈ ലഹരി പദാർത്ഥം കടത്തികൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി. സജീവൻ, എം.വി. അഷറഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം. ജയിംസ്, കെ.എ മജീദ്, എൻ.സി.വിഷ്ണു, ജെ.ഇ.സി സ്‌ക്വാഡംഗങ്ങളായ സി.എച്ച്. റിഷാദ്, ഗണേഷ് ബാബു എന്നിവർ പങ്കെടുത്തു.