തലശ്ശേരി: മലയാള സിനിമാ ചരിത്രത്തിന്റെ പ്രാരംഭഘട്ടം മുതലേ കാഴ്ചയുടെ സംസ്കാരം തലശേരി നഗരത്തെ സ്വാധീനിച്ചിരുന്നു.
1928 നവമ്പർ 7 ന് റിലീസ് ചെയ്ത വിഗതകുമാരൻ, തൊട്ടുപിറകെ തലശ്ശേരിയിലും പ്രദർശിപ്പിച്ചിരുന്നു. ഒട്ടേറെ സഞ്ചരിക്കുന്ന ടാക്കീസുകൾ അക്കാലത്ത് നഗരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.
പിന്നീട് മുകുന്ദ്, വീനസ്, ചിത്രവാണി, പ്രഭ, ലോട്ടസ് എന്നീ സിനിമാശാലകളിൽ ഒരു കാലത്ത് പ്രേക്ഷകർ നിറഞ്ഞുകവിഞ്ഞിരുന്നു. ഓല മേഞ്ഞ വീനസ് സിനിമാക്കൊട്ടയിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ മാത്രമേ പ്രദർശിപ്പിക്കാറുള്ളൂ. പഥേർ പാഞ്ചാലി തലശ്ശേരിക്കാർ കണ്ടത് ഈ ടാക്കീസിലൂടെയായിരുന്നു. ബഹുഭാഷാചിത്രങ്ങൾ ഈ ടാക്കീസിലൂടെയാണ് നഗരവാസികൾ പരിചയപ്പെട്ടത്. ഈ ആദ്യകാല ടാക്കീസുകളൊന്നും ഇപ്പോഴില്ല.
നടന്മാരും സിനിമാപ്രവർത്തകരും
രണ്ടാമത്തെ മലയാള ചിത്രമായ മാർത്താണ്ഡവർമ്മയിലെ നായകൻ ജയദേവ് എന്ന ആണ്ടി, മാടപ്പീടിക സ്വദേശിയായിരുന്നു. ആദ്യ മലയാളശബ്ദചിത്രം ബാലനിലെ സഹനടൻ എം.വി.ശങ്കുവും ഇന്നാട്ടുകാരൻ തന്നെ.1957ൽ ഇറങ്ങിയ രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വാസുദേവ് ചെറുവാരി ടെമ്പിൾ ഗേറ്റുകാരനാണ്.
മലയാള സിനിമക്ക് നാടോടിത്തനിമയുടെ ഇശലുകൾ പകർന്ന കെ. രാഘവൻ മാസ്റ്ററുടെ സൗന്ദര്യാത്മകനാദവും ഈണവും കേട്ടു വളർന്നവരാണ് തലശ്ശേരിക്കാർ. തലശ്ശേരി പി. അനന്തൻ ആദ്യകാല ഗാനരചയിതാവായിരുന്നു. അനശ്വര സംഗീതജ്ഞരായ എം.എസ്. ബാബുരാജ്, എ.ടി. ഉമ്മർ, തൊട്ട് പുതുതലമുറയിലെ ദീപക് ദേവ്, സുഷിൻ ശ്യാം, ഷാൻ റഹ്മാൻ വരെയുള്ളവർ ഈ നഗരത്തിന്റെ അഭിമാനങ്ങളാണ്.
അപ്രിയ സത്യങ്ങൾ തിരക്കഥയിൽ ശക്തമായി ആലേഖനം ചെയ്യുന്ന ശ്രീനിവാസനും, തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ താരമായി മാറിയ വിനീതും ഇതിഹാസ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ദശാവതാരം രവികുമാർ എന്ന സലീമും വില്ലൻ വേഷങ്ങളിൽ നിറഞ്ഞുനിന്ന ചൊക്ലിക്കാരൻ സുബൈറും ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ, സഹോദരൻ ധ്യാൻ ശ്രീനിവാസൻ, നാദിയാമൊയ്തു, പ്രണതി, സുശീൽ കുമാർ തിരുവങ്ങാട്, നിഹാരിക എസ്. മോഹൻ, കൊച്ചിൻ ഹനീഫ തുടങ്ങി തലശ്ശേരിയുടെ അഭിനയത്തികവുള്ള താരങ്ങളുടെ പട്ടിക നീളുന്നു.
സിനിമാക്കഥകളുടെ രചയിതാക്കളായ എം. മുകുന്ദനും, എം.രാഘവനും തൊട്ടടുത്ത മയ്യഴിക്കാരാണ്. ലോകപ്രശസ്ത സൗണ്ട് എഞ്ചിനീയറും ലോക നവതരംഗ സിനിമയുടെ ഉപജ്ഞാതാവുമായ സീസർ അവാർഡ് ജേതാവ് നാരാ കൊല്ലേരിയും, ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന അമേരിക്കൻ സിനിമാ സംവിധായകൻ മനോജ് നൈറ്റ് ശ്യാമളനും തൊട്ടടുത്ത മയ്യഴിക്കാരാണ്.
തിരക്കഥാകൃത്തുക്കളായ എൻ. പ്രഭാകരൻ, എൻ.ശശിധരൻ, ശ്രീധരൻ ചമ്പാട്, ചലച്ചിത്ര നിരൂപകൻ ഒ പി.രാജ് മോഹൻ എന്നിവരും ഈ നഗരത്തിന്റെ സംഭാവനയാണ്. ആദ്യകാല തമിഴ് മലയാളം സിനിമാ നിർമ്മാതാവ് ബാല നാരായണൻ തൊട്ട് ലിബർട്ടി ബഷീർ വരെയുള്ള പ്രമുഖരേയും നമുക്കുകാണാം.
ഭാർഗ്ഗവീനിലയം, തൊട്ട് ഇൻസ്പക്ടർ ബൽറാം, വിശ്വാസ പൂർവം മൻസൂർ, ചിപ്പി, മലർവാടി ആർട്സ് ക്ലബ്, ബൽറാം വേർസസ് താരാദാസ്, തട്ടത്തിൻ മറയത്ത്, കോഹിനൂർ, ദൈവനാമത്തിൽ, തുടങ്ങി പൈതൃകനഗരത്തിൽ വെച്ച് ചിത്രീകരിക്കപ്പെട്ട സിനിമകളും അനവധി.