
കാസർകോട്: കേരളത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഇവിടെ എൻ.ഡി.എ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടന പൊതുസമ്മേളനത്തിൽ സംബന്ധിക്കാൻ എത്തിയ അദ്ദേഹം 'കേരള കൗമുദി'യോട് സംസാരിക്കുകയായിരുന്നു.
രാജ്യത്തിന്റെ പൊതുവായ സമഗ്ര വികസനത്തിനും ദാരിദ്ര്യ നിർമാർജനത്തിനും കോടികളുടെ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്നത്. ഈ പദ്ധതികൾ അതേ മാതൃകയിൽ കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രാവർത്തികമാകണമെങ്കിൽ ഇവിടെയും മോദിയുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന എൻ.ഡി. എ സർക്കാർ അധികാരത്തിൽ ഉണ്ടാവണം. കേരളത്തിലെ ഇടതുവലതു മുന്നണികൾ കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിൽ വലിയ താല്പര്യം കാണിക്കാറില്ല. ഓരോ സാമ്പത്തിക വർഷവും കേന്ദ്ര പദ്ധതികൾക്കായി അനുവദിച്ച തുക ലാപ്സായി പോകുന്ന സാഹചര്യമാണ്. നേരത്തെ യു.ഡി.എഫ് സർക്കാരും ഇപ്പോൾ എൽ.ഡി.എഫ് സർക്കാരും ഇക്കാര്യത്തിൽ തുല്യനിലപാടുകാരാണ്. പരസ്പരം പോരടിക്കുന്ന ഇരുമുന്നണികളും അഴിമതിയും സ്വജനപക്ഷപാതവും നടത്തി കേരളത്തെ നശിപ്പിക്കുകയാണ്. കൊവിഡ് വ്യാപനം കൂടി വന്നതോടെ ജനങ്ങൾ അരക്ഷിതരാണ്. തൊഴിൽമേഖലയിൽ എല്ലാം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ മാറ്റം ആവശ്യമാണ്. എൻ.ഡി .എ സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ ഭരണ തലത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയുകയുള്ളൂ. അതിനായി മുന്നണി പ്രവർത്തകർ രംഗത്തിറങ്ങണം. കേരളത്തിന്റെ സമൂലമായ പരിവർത്തനത്തിന് വേണ്ടിയുള്ള യാത്രയാണ് കെ. സുരേന്ദ്രൻ നയിക്കുന്നത്. ഈ യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതോടെ കേരള രാഷ്ട്രീയത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. സമൂഹം അംഗീകരിക്കുന്ന പലരും എൻ.ഡി.എയുടെ ഭാഗമാകും. ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കാസർകോട് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, ജില്ലാ ജനറൽ സെക്രട്ടറി എ. ടി. വിജയൻ എന്നിവരും തുഷാർ വെള്ളാപ്പള്ളിയുടെ ഒപ്പമുണ്ടായിരുന്നു.