bjp

കണ്ണൂർ: കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് പ്രവേശിക്കുന്ന അതിർത്തികൾ കർണാടക സർക്കാർ വീണ്ടും അടച്ചതിൽ പ്രതിഷേധം ശക്തമാവുന്നു. അതിർത്തി അടച്ചതിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ തലപ്പാടിയിൽ സത്യാഗ്രഹ സമരം തുടങ്ങി. കേരളത്തിൽ കൊവിഡ് വ്യാപനം ശക്തമാകുന്നത് കൊണ്ടാണ് കർശന നടപടി സ്വീകരിക്കേണ്ടി വന്നതെന്നാണ് കർണാടകയുടെ വിശദീകരണം. കാസർകോട് അതിർത്തിയിലെ അഞ്ച് റോഡുകൾ ഒഴിച്ച് മറ്റെല്ലാം അടച്ചിരിക്കുകയാണ്. ദേശീയ പാതയിൽ തലപ്പാടി ഉൾപ്പെടെയുള്ള നാലിടത്ത് അതിർത്തി കടക്കുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുകയും ചെയ്തു. ഇതോടെ വിദ്യാർത്ഥികളും രോഗികളും അടക്കമുള്ളവർക്ക് വലിയ പ്രതിസന്ധിയിലായി. കൂടാതെ ബസ് യാത്രക്കാർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നിലവിൽ രോഗികളുമായെത്തുന്ന ആംബുലൻസുകൾക്ക് നിയന്ത്രണമില്ല. എപ്പോൾ വേണമെങ്കിലും ആംബുലൻസുകൾക്കും നിയന്ത്രണം വന്നേക്കാം എന്നതാണ് സ്ഥിതി. നേരത്തെ അതിർത്തികൾ കർണാടക അടച്ചപ്പോൾ ചികിത്സ കിട്ടാതെ നിരവധി രോഗികൾ മരിച്ചിരുന്നു. റോഡിൽ മണൽ കൂട്ടിയിട്ടാണ് അന്ന് അതിർത്തികൾ അടച്ചിരുന്നത്. വയനാട് ബാവലി ചെക്ക്‌പോസ്റ്റിൽ കേരള വാഹനങ്ങൾ തടഞ്ഞത് വാക്കുതർക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. ദക്ഷിണ കന്നടയോട് ചേർന്നുള്ള അതിർത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് കേരളത്തിന്റെ അതിർത്തികൾ കൊട്ടിയടച്ച കർണാടകയുടെ നടപടിയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ന്യായീകരിച്ചു. സ്വന്തം ജനങ്ങളെ രക്ഷിക്കാനാണ് കർണാടകയുടെ നടപടിയെന്നാണ് സുരേന്ദ്രന്റെ ന്യായീകരണം. കൊവിഡിന്റെ പേര് പറഞ്ഞ് അതിർത്തികൾ അടച്ചതോടെ കാസർകോട് നിന്നുള്ള യാത്രക്കാർ ചികിത്സാവശ്യത്തിനും മറ്റും മംഗളൂരുവിലേക്ക് പോകുന്നത് തടസ്സപ്പെട്ടു. മംഗളൂരു വിമാനത്താവളം വഴി ഗൾഫിലേക്കും മറ്റും പോകേണ്ട യാത്രക്കാരും ആശങ്കയിലാണ്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമാണ് കർണാടകയിലേക്ക് പ്രവേശിപ്പിക്കൂവെന്നാണ് ഇവർ പറയുന്നത്. അതേസമയം കർണാടകയിൽ മാസ്ക്പോലും ധരിക്കാതെയാണ് ആളുകൾ പുറത്തിറങ്ങുന്നതെന്ന് മംഗലൂരുവിലെ മലയാളികൾ പറയുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത കർണാടക അതിർത്തി അടച്ചത് ന്യായീകരിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു.