
കണ്ണൂർ: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നും സി.പി.എമ്മിലെ നാല് വനിതകൾ മത്സരിക്കുമെന്ന് ഉറപ്പായി. ഒരു കൈ നോക്കാൻ മുൻ മന്ത്രി പി.കെ. ശ്രീമതിയും ഉണ്ടാകും. കല്യാശേരി നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടാനാണ് കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ പി.കെ. ശ്രീമതി ഒരുങ്ങുന്നത്. മണ്ഡലത്തിലെ വോട്ടർകൂടിയാണ് ശ്രീമതി.
രണ്ടുടേം പൂർത്തിയാക്കിയ ടി.വി. രാജേഷ് എം.എൽ.എ. ഇക്കുറി ഇവിടെ നിന്നും ജനവിധി തേടാൻ സാദ്ധ്യതയില്ല. ഇതോടെയാണ് പി.കെ. ശ്രീമതിക്ക് സാദ്ധ്യത തെളിയുന്നത്. നിലവിൽ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര നേതാക്കളിൽ ഒരാളുമാണ് ശ്രീമതി. എന്നാൽ ശ്രീമതി മത്സരിക്കുന്നതിനോട് പാർട്ടി സംസ്ഥാന നേതൃത്വം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പിണറായി മന്ത്രിസഭയിലെ രണ്ടാമനും അടുത്ത സംസ്ഥാന സെക്രട്ടറിയാവുമെന്ന് കരുതുന്ന മന്ത്രി ഇ.പി. ജയരാജന്റെ ഉറച്ച പിന്തുണ പി.കെ. ശ്രീമതിക്കുണ്ട്.
ഇ പി.യുടെ ഭാര്യാ സഹോദരി കൂടിയാണ് ശ്രീമതി. എന്നും എൽ.ഡി.എഫിനൊപ്പം നിന്ന ചരിത്രമാണ് കല്യാശേരിക്കുള്ളത്. സി.പി.എം. കോട്ടയായ ഇവിടെ പി.കെ. ശ്രീമതിയുടെ രംഗപ്രവേശത്തിന് രാഷ്ട്രീയ എതിരാളികളിൽ നിന്നും വെല്ലുവിളി ഉയരാൻ സാദ്ധ്യതയില്ല. എന്നാൽ ശ്രീമതി മത്സരിക്കുന്നത് സി.പി.എമ്മിൽ പ്രതിസന്ധിയുണ്ടാക്കിയേക്കും. മട്ടന്നൂരിൽ മന്ത്രി കെ.കെ. ശൈലജ ജനവിധി തേടുമെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഇതോടെ രണ്ടാം പിണറായി മന്ത്രിസഭയിൽ രണ്ടു പ്രമുഖ വനിതാ നേതാക്കളെയും മന്ത്രി സ്ഥാത്തേക്ക് പരിഗണിക്കേണ്ടി വരും.
വി.എസ്. സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതി മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചു പേരെടുത്തിരുന്നു. എന്നാൽ പിന്നീട് പിണറായി മന്ത്രിസഭയിൽ മന്ത്രിയായ കെ.കെ. ശൈലജ അതിനെ നിഷ്പ്രഭമാക്കുന്ന പ്രവർത്തനമാണ് കാഴ്ച്ചവെച്ചത്. വിദേശ മാദ്ധ്യമങ്ങൾ വരെ കേരളത്തിലെ കൊവിഡ് പ്രതിരോധം മാതൃകയായി ഉയർത്തിക്കാട്ടി. പിണറായി മന്ത്രിസഭയിലെ ഏറ്റവും തിളക്കമാർന്ന മന്ത്രിമാരിലൊരാളായി ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ശൈലജ മാറി. എന്നാൽ പാർട്ടിയിലും സംഘടനാ തലത്തിലും സീനിയർ നേതാവ് പി.കെ. ശ്രീമതി തന്നെയാണ്. അതു മറികടന്നു കൊണ്ട് ശ്രീമതിക്ക് മന്ത്രി സ്ഥാനം നിഷേധിക്കുന്നത് സി.പി.എമ്മിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും. ശ്രീമതിക്കും ശൈലജയ്ക്കും പുറമേ പി.കെ.ശ്യാമള, എൻ. സുകന്യ എന്നിവരെയും മത്സരിക്കുന്നതിനായി സി.പി.എം പരിഗണിക്കുന്നുണ്ട്. പി.കെ. ശ്യാമള തളിപ്പറമ്പിലും എൻ. സുകന്യ അഴീക്കോടും മത്സരിച്ചേക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.കെ. ശ്യാമള. മുൻ ആന്തൂർ നഗരസഭാ ചെയർപേഴ്സനും ജനാധിപത്യാ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമാണ്. തളിപ്പറമ്പ് എം.എൽ.എ. ജയിംസ് മാത്യുവിന്റെ ഭാര്യയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജോയന്റ് സെക്രട്ടറിയും കൂടിയായ എൻ. സുകന്യയെ കളത്തിലിറക്കാനാണ് പാർട്ടി തീരുമാനം.