kpp
കെ.പി.പി നമ്പ്യാർ സ്മാരക ഗവേഷണകേന്ദ്രം

കണ്ണൂർ: കെൽട്രോൺ സ്ഥാപകനും ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധനുമായ കെ.പി.പി നമ്പ്യാരുടെ സ്മരണയ്ക്കായി മാങ്ങാട്ടുപറമ്പ് കെൽട്രോൺ കോമ്പൗണ്ടിൽ നിർമ്മിച്ച ഗവേഷണകേന്ദ്രം ഇന്നു രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഇലക്ട്രോണിക് ഗവേഷണരംഗത്ത് നൂതന ആശയങ്ങളുടെ ഉത്പാദന കേന്ദ്രമാവാനൊരുങ്ങുകയാണ് ഈ സ്ഥാപനം.

ഗവേഷണകേന്ദ്രത്തിനുമുന്നിൽ കെ.പി.പി നമ്പ്യാരുടെ പൂർണകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഏഴടി ഉയരത്തിലുള്ള വെങ്കല ശിൽപം നിർമ്മിച്ചത് ശിൽപി ഉണ്ണി കാനായിയാണ്.

2015 ജൂൺ 30ന് കെ.പി.പി നമ്പ്യാർ വിടവാങ്ങിയപ്പോൾ കല്യാശേരി സ്വദേശികൂടിയായ അദ്ദേഹത്തിന് കെൽട്രോണിന്റെ മണ്ണിലാണ് അന്ത്യവിശ്രമമൊരുക്കിയത്. ഇലക്ട്രോണിക് രംഗത്ത് വിപ്ലവം സൃഷ്ടിച്ച കെൽട്രോണിന്റെ പിതാവിന് ഉചിതമായ സ്മാരകമെന്ന കാഴ്ചപ്പാടാണ് ഗവേഷണകേന്ദ്രമെന്ന നിലയിൽ ഇടതുസർക്കാർ യാഥാർത്ഥ്യമാക്കുന്നത്.
2016ലെ ബഡ്ജറ്റിൽ ഒരുകോടി രൂപയാണ് ഇതിന് വകയിരുത്തിയത്. പിന്നീട് രണ്ടു കോടി രൂപ സർക്കാർ ഗ്രാന്റ് അനുവദിച്ചു. 2018ലായിരുന്നു ശിലാസ്ഥാപനം. കഴിഞ്ഞവർഷം ആഗസ്തിൽ കെ.പി.പി നമ്പ്യാർ ഇലക്ട്രോണിക്‌സ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ നടത്തിപ്പിനായി വ്യവസായ മന്ത്രി ചെയർമാനും കെ.സി.സി.എൽ മാനേജിംഗ് ഡയറക്ടർ സെക്രട്ടറിയുമായി കെ.പി.പി നമ്പ്യാർ ഫൗണ്ടേഷന് രൂപം നൽകുകയായിരുന്നു.

ഒരുങ്ങുന്നത് മൂന്ന് ഗവേഷണ ലാബുകൾ
കെ.പി.പി നമ്പ്യാർ സ്മാരക ഗവേഷണകേന്ദ്രത്തെ സാങ്കേതികരംഗത്ത് ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ഒരുനില കെട്ടിടമാണ് പൂർത്തിയായത്. കെ.പി.പി നമ്പ്യാരുടെ പുസ്തകങ്ങളും ജീവചരിത്രവും കെൽട്രോണിന്റെ ചരിത്ര വഴികളും അടയാളപ്പെടുത്തുന്ന മ്യൂസിയമാണ് സ്മാരകത്തിന്റെ ഹൃദയഭാഗം. ഇതിനു ചുറ്റും കെമിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് ഇലക്ട്രിക്കൽ, മെക്കാനിക്കൽ ശാഖകൾക്കായി മൂന്ന് ഗവേഷണ ലാബുകൾ സജ്ജമാക്കും.

സ്കിൽ അക്കാഡമിയും പരിഗണനയിൽ
മാങ്ങാട്ടുപറമ്പിനെ ഇലക്ട്രോണിക് ഹബ്ബാക്കി മാറ്റാനുള്ള അനുബന്ധ പദ്ധതികളും ഗവേഷണകേന്ദ്രത്തിലുണ്ടാകും. അടുത്ത ഘട്ടത്തിൽ ചിപ്പ് കപ്പാസിറ്ററുകളും സൂപ്പർ കപ്പാസിറ്ററുകളും വികസിപ്പിച്ചെടുക്കാനുള്ള കേന്ദ്രവും സ്റ്റാർട്ടപ് കമ്പനികൾക്കായി ഇൻക്യുബേഷൻ സെന്ററും സ്‌കിൽ അക്കാഡമിയും ഉപകരണങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള ടെസ്റ്റിംഗ് ലാബോറട്ടറിയും സ്ഥാപിക്കും.