
പയ്യന്നൂർ: വടക്കേ മലബാറിൽ വികസനമില്ലാത്തതിന് കാരണം സി.പി.എമ്മാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
വിജയയാത്രയ്ക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയമാണ് വികസനം നശിപ്പിക്കുന്നത്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ഭീകരവാദികൾ വളരുകയാണ്. ഒരു ദിവസം എതിർത്ത വർഗീയ ശക്തികളെ പിറ്റേദിവസം പ്രീണിപ്പിക്കേണ്ട ഗതികേടിലാണ് സി.പി.എം. ഒരു ഭാഗത്ത് അക്രമ രാഷ്ട്രീയവും മറുഭാഗത്ത് ഭീകരവാദവുമാണ്. രണ്ടിനെയും ചെറുത്ത് തോൽപ്പിക്കാൻ ബി.ജെ.പിക്ക് മാത്രമേ സാധിക്കൂയെന്നും സുരേന്ദ്രൻ പറഞ്ഞു
കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
ഉദ്യോഗസ്ഥരുടെ തലയിൽ വച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട
കാസർകോട് : ആഴക്കടൽ മത്സ്യബന്ധന കരാർ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിജയയാത്രയുടെ പ്രയാണത്തിന് തൊട്ടുമുമ്പ് കാസർകോട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ചില കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോൾ ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തകിടം മറിയുകയാണ്. പിന്നീട് അതിനെക്കുറിച്ച് പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരാർ നടന്നത്. അമേരിക്കൻ കമ്പനി കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ എത്തിയാൽ ബി.ജെ.പി ചെറുക്കും. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.