
കണ്ണൂർ: മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള കെ.എസ്.ആർ.ടി.സിയിലെ സ്ഥലംമാറ്റം ജീവനക്കാരുടെ ആരോഗ്യത്തെ പോലും തകർക്കുന്ന തരത്തിലുള്ളതായെന്ന് ആരോപണം. കണ്ണൂർ ഡിപ്പോയിലുള്ളവരെ കാസർകോട്ടേക്കും കാസർകോട് ജോലി ചെയ്യുന്നവരെ കണ്ണൂരിലേക്കുമാണ് സ്ഥലംമാറ്റിയത്.
വിശ്രമമുറികളോ ആവശ്യത്തിന് ടോയ്‌ലറ്റുകളോ ഇല്ലാത്ത അവസ്ഥയിൽ വൻതോതിലുള്ള സ്ഥലംമാറ്റം ജീവനക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ആവശ്യത്തിന് വിശ്രമമുറികളില്ലാത്ത സാഹചര്യത്തിൽ, ജീവനക്കാരുടെ രാത്രി ഉറക്കവും ഇപ്പോൾ ബസ്സിൽ തന്നെയാണ്. മിക്ക ഡിപ്പോകളിലും പ്രാഥമിക കൃത്യം നിർവഹിക്കാൻ കംഫർട്ട് സ്റ്റേഷൻ പോലുമില്ലാത്ത സ്ഥിതിയുമാണ്. സൗകര്യങ്ങളുള്ളിടത്താകട്ടെ മൂക്കുപൊത്താതെ കയറാൻ കഴിയില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ 3013 കണ്ടക്ടർമാരെയും 1665 ഡ്രൈവർമാരെയും സ്ഥലംമാറ്റി എം.ഡി ഉത്തരവിറക്കിയത്. കരട് സ്ഥലം മാറ്റ പട്ടികയിന്മേലുള്ള ജീവനക്കാരുടെ ആക്ഷേപങ്ങളും പരാതികളും മറ്റും അതത് സോണൽ ഓഫീസർമാരെ അറിയിക്കണമെന്നതാണ് പതിവ്. എന്നാൽ ഇതുസംബന്ധിച്ച് സോണൽ ഓഫീസർക്ക് നൽകിയ ഒരു പരാതി പോലും പരിഗണിച്ചിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കരടുപട്ടിക തന്നെ അന്തിമപട്ടികയാക്കി എം.ഡി ഉത്തരവിറക്കിയെന്നാണ് ആക്ഷേപം.
ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുള്ളവരെയും അസുഖബാധിതരായ മാതാപിതാക്കളുടെ സംരക്ഷണച്ചുമതലയുള്ളവരെയും സാധാരണനിലയിൽ സ്ഥലം മാറ്റാറില്ല. ഫെബ്രുവരിയിൽ പൊതുസ്ഥലം മാറ്റം പതിവുമല്ല. വിദ്യാർത്ഥികളുടെ പരീക്ഷയും മറ്റും പരിഗണിച്ചാണിത്. സ്ഥലംമാറ്റത്തിന് മുമ്പ് ഓപ്ഷൻ ചോദിക്കന്ന പതിവു പോലും ഇക്കുറിയുണ്ടായില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ ഗതാഗതമന്ത്രിയെയും എം.ഡിയെയും സമീപിച്ചിരുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പലയിടത്തും സർവ്വീസ് മുടങ്ങുന്നുണ്ടെന്ന പരാതി പരിഹരിക്കാനാണ് സ്ഥലം മാറ്റുന്നതെന്നാണ് മന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. ഇതു സംബന്ധിച്ച് എം.ഡിയും കൈമലർത്തുകയാണ്.
കോടതി കയറും പട്ടിക
സ്ഥലം മാറ്റത്തിനെതിരെ 55 ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തീരുമാനം പുനഃപരിശോധിക്കുന്നതുവരെ ഈ ജീവനക്കാരെ സ്ഥലം മാറ്റരുതെന്നും ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടായതോടെ ഇരുന്നൂറോളം പേരും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ഈ കേസ് കോടതി ഇന്ന് പരിഗണിക്കും.
കൃത്യമായി ശമ്പളമില്ല, ആനുകൂല്യമില്ല. ഇതിനിടയിലെ തലങ്ങും വിലങ്ങുമുള്ള സ്ഥലം മാറ്റം ഏറെ ദുരിതം തന്നെയാണ്. കൊവിഡ് കാലത്ത് ജോലി കഴിഞ്ഞ് ബസ്സിനകത്തും മറ്റും കിടന്നുറങ്ങുന്നതിൽ ഏറെ ആശങ്കയുമുണ്ട്
-സ്ഥലംമാറ്റം കിട്ടിയ ജീവനക്കാർ