trans

കണ്ണൂർ:കൃഷിയിലൂടെ അതിജീവനം ആഗ്രഹിച്ച കണ്ണൂരിലെ ഒരു വിഭാഗം ട്രാൻസ് ജെന്റേർസിന് ജില്ലാ പഞ്ചായത്തിന്റെ പച്ചക്കൊടി.തരിശു നിലത്ത് ജൈവ കൃഷി നടത്തുകയെന്ന ഇവരുടെ ആശയത്തിനാണ് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം.കൃഷിയിലൂടെ ജീവിതം പച്ചപിടിപ്പിക്കണമെന്ന അതിയായ ആഗ്രഹം പൂർത്തികരിക്കാതെ കഴിഞ്ഞ മാസമാണ് തോട്ടടയിലെ ട്രാൻസ് ജെന്റ‌ർ സ്നേഹ ആത്മഹത്യ ചെയ്തത്.

സ്നേഹയും കൂട്ടുകാരികളായ സന്ധ്യ,സോന മാത്യു ,കെ.മായ,എൻ.പ്രിയ എന്നിവരും ചേർന്ന് ഒന്നര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാൻ തീരുമാനിച്ചിരുന്നു.കൃഷി സ്ഥലം കണ്ടെത്തി ഉടമയുമായി സംസാരിച്ചു. തരിശു നിലത്ത് ജൈവ കൃഷി നടത്താനുള്ള സഹായമർഭ്യത്ഥിച്ച് ജില്ലാ പഞ്ചായത്തിനെയും ഇവർ സമീപിച്ചിരുന്നു.അതിനിടയിലായിരുന്നു കുടുബ പ്രശ്നത്തെ തുടർന്നുണ്ടായ സ്നേഹയുടെ ആത്മഹത്യ .സുഹൃത്തിന്റെ അപ്രതീക്ഷ മരണമേൽപ്പിച്ച ആഘാതത്തിൽ കൃഷിയുടെ മറ്റ് നീക്കങ്ങൾ കൂട്ടുകാർ തൽക്കാലം മാറ്റിവെയ്ക്കുകയായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം നടന്ന വികസന സെമിനാറിലാണ് കൃഷിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച നിർദേശം ജില്ലാപഞ്ചായത്ത് അംഗീകരിച്ചത്.

വാഴ,പച്ചക്കറികൾ തുടങ്ങിയ ഇടവിള കൃഷി നടത്തി വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് കണ്ണൂർ കാൾടെക്സിലെ നന്മ കുടുംബശ്രീ അംഗം കൂടിയായ ട്രാൻസ്ജെന്റർ സന്ധ്യ പറഞ്ഞു.നിലവിൽ ജില്ലാ പ‌ഞ്ചായത്തിന്റെ കീഴിൽ തന്നെ ട്രാൻസ് ജെന്റേ‌ർസിന് വേണ്ടി ഒരു കലാ സംഘവും പ്രവർത്തിച്ചു വരുന്നുണ്ട്.ഈ സംഘത്തിന്റെ നേതൃത്വത്തിൽ ഉടൻ വിവിധ കലാപ്രകടനങ്ങൾ കാഴ്ചക്കാർക്ക് മുന്നിലെത്തും.

ട്രാൻസ് ജെന്റർ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയർത്തുന്നതിന് വേണ്ടിയാണ് ഈ പദ്ധതി.കൃഷി ഭൂമി ഇല്ലാത്തവർക്ക് ജില്ലാ പഞ്ചായത്ത് ഭൂമി കണ്ടെത്തി നൽകും.എന്ത് കൃഷി ചെയ്യണമെന്ന് അതാത് സംഘങ്ങൾക്ക് തീരുമാനിക്കാം-പി.പി.ദിവ്യ ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്