കേളകം: കേരള ഫോക്‌ലോർ അക്കാഡമി അവാർഡിന്റെ നിറവിലാണ് കേളകത്തെ എൻ.ഇ. പവിത്രൻ ഗുരുക്കൾ. മൂന്നു പതിറ്റാണ്ടിലധികമായി കളരിപ്പയറ്റ് രംഗത്തെ സജീവമായ സംഭാവനകൾ പരിഗണിച്ചാണ് ഫോക്‌ലോർ അക്കാഡമി 2020 ലെ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചത്. കേളകം സി.വി.എൻ കളരിയിലൂടെ കുട്ടികളും മുതിർന്നവരുമുൾപ്പെടെ എത്രയോ പേരാണ് ഈ ആയോധന കലയിൽ പ്രാവീണ്യം നേടിയത്. ഗുരുക്കളെ തേടി ഈ ബഹുമതിയെത്തുമ്പോൾ മലയോരത്തിന്റെ സ്വന്തം നാട്ടുവൈദ്യനും ഗുരുക്കളുമായ എൻ.ഇ. പവിത്രനോടൊപ്പം നാട്ടുകാരും ഏറെ സന്തോഷത്തിലാണ്.
എട്ടാം വയസിൽ കളരിപ്പയറ്റ് അഭ്യസിക്കാൻ തുടങ്ങിയ ഇദ്ദേഹം എം.സി. നാണു ഗുരുക്കൾ, തങ്കപ്പൻ ഗുരുക്കൾ, ആന്റണി ഗുരുക്കൾ, മാത്യു ഗുരുക്കൾ തുടങ്ങിയവരിൽ നിന്നും പരിശീലനം നേടി. ഇവരെക്കൂടാതെ തിരുവനന്തപുരം മുതൽ കാസർകോടു വരെയുള്ള നിരവധി ഗുരുക്കന്മാരിൽ നിന്നും ശിക്ഷണം നേടിയിട്ടുമുണ്ട്. 1986-87ൽ കളരിപ്പയറ്റിൽ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പും നിരവധി തവണ ജില്ലാ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. 2019 ൽ തിരുവനന്തപുരത്ത് നടന്ന കളരിഗുരുക്കന്മാരുടെ സംസ്ഥാനതല മത്സരത്തിലും ഉന്നത വിജയം നേടിയിരുന്നു.
2018ൽ ഗുജറാത്തിൽ വെച്ച് നടന്ന വേൾഡ് ആയുർവ്വേദ കോൺഗ്രസിൽ കണ്ണൂർ ജില്ലയുടെ പ്രതിനിധിയായിരുന്നു. വൈദ്യപ്രഭാ പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികളും ഗുരുക്കളെത്തേടിയെത്തിയിട്ടുണ്ട്. അപൂർവ്വമായ ഔഷധസസ്യങ്ങൾ നട്ടുപരിപാലിക്കുന്നതിൽ ശ്രദ്ധാലുവായ അദ്ദേഹം സ്‌കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിക്കുകയും ഔഷധത്തൈകൾ സൗജന്യമായി നൽകുകയും ചെയ്യുന്നുണ്ട്. ചില വിദ്യാലയങ്ങളിൽ ഔഷധത്തോട്ടങ്ങളും നിർമ്മിച്ചു നൽകിയിട്ടുണ്ട്.
കളരിരംഗത്തും ചികിത്സാരംഗത്തും ഭാര്യയായ സിന്ധുവും മക്കളായ ഋഷികേശും ദേവഗംഗയും സഹോദരിയായ സതിയും ഒപ്പമുണ്ട്. കളരിപ്പയറ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷന്റെ ടെക്നിക്കൽ കമ്മിറ്റി അംഗം,
കണ്ണൂർ ജില്ലാ തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം ജനറൽ സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നുണ്ട് പവിത്രൻ ഗുരുക്കൾ.