തൃക്കരിപ്പൂർ: മൂന്ന് പ്രധാന റോഡുകൾ സമ്മേളിക്കുന്നതും എന്നും ഏറേ തിരക്ക് അനുഭവപ്പെടുന്നതുമായ തങ്കയം മുക്ക് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനം നിശ്ചലമായിട്ട് വർഷങ്ങളായെങ്കിലും പുനഃസ്ഥാപിക്കാൻ നടപടിയില്ല. പയ്യന്നൂർ ബൈപാസ് റോഡ്, കാലിക്കടവ് ഭാഗത്ത് നിന്നും തൃക്കരിപ്പൂർ ടൗണിൽ നിന്നും വരുന്നതുമായ മൂന്നു റോഡുകൾ ചേരുന്ന ഈ ജംഗ്ഷനിൽ രാവിലെയും വൈകീട്ട് നാല് മണിക്ക് ശേഷവും ഉണ്ടാകുന്ന വാഹന തിരക്ക് കാൽനട യാത്രക്കാരെയും പരിസര വാസികളെയും സൈക്കിൾ അടക്കമുള്ള ഇരുചക്രവാഹനങ്ങളെയും ഏറേ വലയ്ക്കാറുണ്ട്.
മൂന്നു ഭാഗങ്ങളിൽ നിന്നും ഒരേ സമയത്ത് എത്തുന്ന വാഹനങ്ങൾ ഇവിടെ സ്വയം നിയന്ത്രിച്ച് കടന്നുപോകേണ്ട സ്ഥിതിയാണ്. പലപ്പോഴും കുരുക്കും ഇതുസംബന്ധിച്ച തർക്കവും കശപിശയും ചിലപ്പോൾ കയ്യാങ്കളി വരെയുണ്ടാകാറുണ്ട്.
വാഹനങ്ങളുടെ തിരക്ക് ബോധ്യപ്പെട്ടത് കാരണമാണ് പി.ഡബ്‌ള്യു.ഡി ഇവിടെ റോഡിന്റെ ഇരുഭാഗങ്ങളിലായി അപകട സാദ്ധ്യതാ മേഖലയെന്ന സൂചനാ ബോർഡും, സദാ ഗതാഗത നിയന്ത്രണത്തിനായി സിഗ്നൽ വിളക്കുകളും സ്ഥാപിച്ചത്. എന്നാൽ ഈ സംവിധാനം പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി. കാലിക്കടവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് തൃക്കരിപ്പൂർ ടൗണിൽ പ്രവേശിക്കാതെ പയ്യന്നൂരിലേക്ക് എളുപ്പത്തിൽ പോകാനുള്ള ബൈപാസ് റോഡാണ് വില്ലനായി മാറിയിട്ടുള്ളത്.
തങ്കയം താലൂക്ക് ആശുപത്രി, ചക്രപാണി ക്ഷേത്രം, തങ്കയം ജുമാ മസ്ജിദ് എന്നിവ സമീപത്തായതിനാൽ ഇവിടെ തിരക്കൊഴിയുകയില്ല. റെയിൽവേ സ്റ്റേഷൻ, സ്കൂളുകൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രക്കാരും ബുദ്ധിമുട്ടുന്നു. തൃക്കരിപ്പൂർ നഗരത്തിൽ നിന്നും ഇടതടവില്ലാതെ എത്തുന്ന വാഹനങ്ങളും, പെട്രോൾ ബങ്കിൽ നിന്നും കുണിയൻ, കൊയോങ്കര, നടക്കാവ്, ഉദിനൂർ ഭാഗങ്ങളിൽ നിന്നുമെത്തുന്ന കാലിക്കടവ് റോഡിൽ നിന്നുമുള്ള വാഹനങ്ങളും തങ്കയം ജംഗ്ഷനിൽ കൂടിയാണ് കടന്നുപോകേണ്ടത്. അതുകൊണ്ടു തന്നെ നിലവിൽ ഈ ജംഗ്ഷനിൽ ഒരു ട്രാഫിക് സർക്കിൾ സ്ഥാപിക്കണമെന്ന ആവശ്യവും നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നു.
മൂന്നു റോഡുകൾ ചേരുന്ന ജംഗ്ഷനാണെന്ന പരിഗണനയില്ലാതെ കാലിക്കടവ് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ യാതൊരു ശ്രദ്ധയുമില്ലാതെ പയ്യന്നൂർ ബൈപാസ് റോഡിലേക്ക് പ്രവേശിക്കുന്നത് പലപ്പോഴും അപകടങ്ങൾ വിളിച്ചു വരുത്തുകയാണ്.
പി.സി.മുഹമ്മദലി, വ്യാപാരി
തങ്കയം മുക്കിലെ അപകട സാദ്ധ്യതകൾ നേരിട്ടനുഭവപ്പെട്ടിട്ടുണ്ട്. ഇത് പി.ഡബ്‌ള്യു.ഡി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
സത്താർ വടക്കുമ്പാട്, പഞ്ചായത്ത് പ്രസിഡന്റ്