photo

പഴയങ്ങാടി: കല്യാശ്ശേരി, മാങ്ങാട്ട്പറമ്പ് എന്നിവടങ്ങളിലെ എ.ടി.എം മെഷീൻ തകർത്ത് 19.76 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കവർച്ചയുടെ സ്വഭാവം അനുസരിച്ച് കവർച്ചക്കാർ അന്യസംസ്ഥാനത്തുള്ളവർ ആണെന്ന നിഗമനത്തിലാണ് പൊലീസ്. അതിനാൽ തന്നെ അന്യസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. എ.ടി.എം മെഷീനുകൾക്ക് സമീപമുള്ള കടകളിലെയും ദേശീയപാതയിലെ മറ്റു കടകളിലെയും സിസി ടിവി കാമറകൾ പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്.

മോഷണ വിവരം അറിയുന്നതിൽ ഉണ്ടായ കാലതാമസം അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഞായറാഴ്ച പുലർച്ചെ നടന്ന കവർച്ച അറിയുന്നത് വൈകീട്ട് മാത്രമാണ്. കല്യാശേരിയിലെയും മാങ്ങാട്ട്പറമ്പിലെയും രണ്ട് എ.ടി.എം കുത്തി തുറന്നാണ് 19.76 ലക്ഷം രൂപ കൊള്ളയടിച്ചത്. മാങ്ങാട്ട് ടൗണിലെ ഇന്ത്യ വൺ എ.ടി.എമ്മിൽ നിന്ന് 1.76 ലക്ഷം രൂപയും കല്യാശേരിയിലെ എസ്.ബി.ഐയുടെ എ.ടി.എമ്മിൽ നിന്ന് 18 ലക്ഷം രൂപയുമാണ് മോഷണം നടത്തിയത്.

ദേശീയപാത വികസനവുമായി ബന്ധപെട്ട് കഴിഞ്ഞ ദിവസം ഇവിടങ്ങളിൽ കടകൾ ഒഴിപ്പിച്ചതിനാൽ രാത്രി കാലങ്ങളിൽ ആളനക്കമില്ലാത്തതും മോഷ്ടാക്കൾക്ക് തുണയായി എന്ന നിഗമനത്തിലാണ് പൊലീസ്. മാങ്ങാട് ടൗണിലെ ഇന്ത്യ വൺ എ.ടി.എമ്മിൽ നിന്ന് 2017ൽ സമാന രീതിയിൽ കവർച്ച നടന്നിരുന്നു .2019ൽ ബീഹാർ സ്വദേശികളായ കവർച്ചക്കാരെ കണ്ണപുരം പൊലീസ് പിടികൂടിയിരുന്നു. വിരളടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കണ്ണപുരം സി.ഐ പി.എൻ സുകുമാരനാണ് അന്വേഷണ ചുമതല. എസ്.ഐ പരമേശ്വരനായിക്കും അന്വേഷണ സംഘത്തിലുണ്ട്.