കാഞ്ഞങ്ങാട്: സമുദ്രനിരപ്പിൽ നിന്നും 500 അടി താഴ്ചയിൽ ചെന്ന് കടൽ മത്സ്യങ്ങളുടെ സഞ്ചാരപഥം മനസ്സിലാക്കിയയാളാണ് കാഞ്ഞങ്ങാട്ടെ എ. ചന്ദ്രൻ. പക്ഷികളോടുള്ള പ്രണയം കൊണ്ട് അവയുടെ വില്പനക്കാരനായ അദ്ദേഹം മൂവായിരത്തോളം പേരെ നീന്തൽ പഠിപ്പിച്ച മികച്ച പരിശീലകൻ കൂടിയാണ്.
അന്തമാൻ നിക്കോബാർ ദ്വീപ് സന്ദർശനത്തിന് കൂട്ടുകാർക്കൊപ്പം പോയപ്പോഴാണ് കടൽ മത്സ്യങ്ങളുടെ സഞ്ചാരഗതി മനസ്സിലാക്കാൻ കടലിന്റെ അടിത്തട്ടിലേക്ക് പോയത്. കുഞ്ഞുന്നാളിലെ പക്ഷികളോടുള്ള പ്രേമമാണ് ചന്ദ്രനെ പക്ഷിവില്പനക്കാരനാക്കിയത്. കുഞ്ഞുനാളിൽ പൊട്ടക്കിണറിന്റെ പൊത്തുകളിൽ പാർക്കുന്ന പ്രാവുകളെ വലവിരിച്ച് പിടിച്ചായിരുന്നു തുടക്കം .
കാഞ്ഞങ്ങാട്ടെ പഴയ എൽ.ഐ.സി ഓഫീസിനടുത്ത് ഗ്രോടെക് ക്രോസ് റോഡിലാണ് ചന്ദ്രന്റെ പെറ്റ്‌സ് പാരഡൈസ്. പല വർണ്ണത്തിലുള്ള പക്ഷികൾ, പൂച്ചകൾ, പല വർഗ്ഗത്തിൽ പെട്ട നായക്കുട്ടികൾ ,അക്വേറിയം എന്നിവയെല്ലം ഇവിടെയുണ്ട്. മത്സ്യകൃഷി വ്യാപകമാകുന്നതിന് മുമ്പ് മൈസൂരിലെ നിസർഗ്ഗ ഡാമിൽ നിന്ന് ബൈക്കിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് മത്സ്യക്കുഞ്ഞുങ്ങളുമായി വന്നിട്ടുണ്ട് ചന്ദ്രൻ.
പന്ത്രണ്ടുവർഷമായി കുന്നുമ്മൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകായിക സമിതിയുടെ പ്രസിഡന്റും കാഞ്ഞങ്ങാട് മർച്ചന്റ്‌സ് അസോസിയേഷൻ നിർവ്വാഹക സമിതി അംഗവുമാണിദ്ദേഹം.