kadanna

കണ്ണൂർ: ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികൾ പത്തും പതിനഞ്ചും സീറ്റ് ചോദിക്കുമ്പോൾ കോൺഗ്രസ് എസ് സംസ്ഥാനാദ്ധ്യക്ഷനും തുറമുഖ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി ആവശ്യപ്പെട്ടത് ഒറ്റ സീറ്റാണ്. കണ്ണൂരിലെ രണ്ടാമങ്കത്തിന് അദ്ദേഹം ഉണ്ടാവുമെന്ന് ഉറപ്പാണ്. കോൺഗ്രസ് എസ് സംസ്ഥാന അദ്ധ്യക്ഷനാണെങ്കിലും മന്ത്രിസഭയിലും രാഷ്ട്രീയത്തിലും സി.പി.എമ്മിന്റെ വിശ്വസ്തനായ സഹയാത്രികനാണ്.

കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റായിരിക്കെ 26ാം വയസ്സിൽ സാക്ഷാൽ നായനാരെ വീഴ്ത്തിയാണ് കടന്നപ്പള്ളിയുടെ സഭാപ്രവേശം. 1971ൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിലായിരുന്നു മത്സരം. തിരുവനന്തപുരം ലോ അക്കാഡമിയിൽ നിയമ വിദ്യാർത്ഥിയായിരുന്നു അന്ന്.

'77ൽ ഒ.ഭരതനെ വീഴ്ത്തി തിരഞ്ഞെടുപ്പിൽ താരമായി. കോൺഗ്രസ് പിളർന്നതുമുതലാണ് വഴി വേറിട്ടതായത്. 1980ൽ ആന്റണിയോടോപ്പം എൽ.ഡി.എഫിലെത്തി. '81ൽ ആന്റണിയും കൂട്ടരും തിരികെ പോയപ്പോഴും കടന്നപ്പള്ളി എൽ.ഡി.എഫിനെ കൈവിട്ടില്ല. പിന്നീട് പി.സി ചാക്കോയും കെ.പി ഉണ്ണികൃഷ്ണനുമെല്ലാം കോൺഗ്രസ് ഐയിലേക്ക് മടങ്ങിയപ്പോഴും കടന്നപ്പള്ളി ഇടതുപക്ഷത്തിനൊപ്പമായിരുന്നു. 80ൽ ഇരിക്കൂറിൽ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. പേരാവൂരിൽനിന്ന് രണ്ടുതവണ നിയമസഭയിലേക്കും 1996ൽ കണ്ണൂർ മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്കും മത്സരിച്ച് പരാജയം അറിഞ്ഞു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എടക്കാട് മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് പിന്തുണച്ച ഡി.ഐ.സി സ്ഥാനാർത്ഥി കെ.സി കടമ്പൂരാനെ 30672 വോട്ടിന് പരാജയപ്പെടുത്തി. 2009 ആഗസ്റ്റ് 17ന് വി. എസ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ ദേവസ്വം മന്ത്രിയായി.

2016ലെ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയെ 1260 വോട്ടിന് പരാജയപ്പെടുത്തിയാണ് വീണ്ടും നിയമസഭയിലെത്തിയത്. തുറമുഖം പുരാവസ്തു വകുപ്പുകളുടെ ചുമതല

യുള്ള മന്ത്രിയാവുകയും ചെയ്തു.