
തലശ്ശേരി: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംസ്ഥാനത്തെ നാലു മേഖലകളിലായി സംഘടിപ്പിക്കുന്ന 25-ാമത് ഐ.എഫ്.എഫ്.കെയുടെ തലശ്ശേരി പതിപ്പിന് ഇന്നു തിരിതെളിയും. പ്രധാന വേദിയായ ലിബർട്ടി പാരഡൈസിൽ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. എ.എൻ ഷംസീർ എം.എൽ.എ അധ്യക്ഷനായിരിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.
എം.ടി വാസദേവൻ നായർ, ടി. പത്മനാഭൻ, കെ.പി കുമാരൻ, ഹരിഹരൻ, ടി.വി ചന്ദ്രൻ, രഞ്ജിത്ത്, എം. മുകുന്ദൻ എന്നിവർ ഓൺലൈനായി ആശംസകളർപ്പിക്കും. കണ്ണൂർ ജില്ലാ കളക്ടർ ടി.വി സുഭാഷ്, തലശ്ശേരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കെ.എം ജമുനാ റാണിക്ക് നൽകി ഫെസ്റ്റിവൽ ബുള്ളറ്റിൻ പ്രകാശനം ചെയ്യും. പി.വി ഗംഗാധരൻ, ലിബർട്ടി ബഷീർ, പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീന പോൾ, സെക്രട്ടറി സി. അജോയ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും
തുടർന്ന് മേളയുടെ ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക്ക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം ക്വോ വാഡിസ്, ഐഡ പ്രദർശിപ്പിക്കും.
25 വർഷം പൂർത്തിയാക്കിയ ഐ.എഫ്.എഫ്.കെയുടെ ചരിത്രസ്മരണകൾ ഉണർത്തുന്ന മേള@ 25 എന്ന ഫോട്ടോ പ്രദർശനത്തിന്റെ ഉദഘാടനം രാവിലെ 11.30ന് എഴുത്തുകാരൻ എം. മുകുന്ദൻ നിർവഹിക്കും.
80 ചിത്രങ്ങൾ, 1500 പ്രതിനിധികൾ
തലശ്ശേരിയിലെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 1500 പ്രതിനിധികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. നഗരത്തിലെ വിവിധ തിയേറ്ററുകളിലായി 1199 സീറ്റുകൾ സജീകരിച്ചിട്ടുണ്ട്. ലിബർട്ടി കോംപ്ലക്സിലെ 5 സ്‌ക്രീനുകളിലും ലിബർട്ടി മൂവീ ഹൗസിലുമായിട്ടാണ് മേളയിലെ സിനിമകൾ പ്രദർശിപ്പിക്കുന്നത്.ഒന്നിടവിട്ട സീറ്റുകളിലായാണ് പ്രവേശനം. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും.
മുപ്പതിൽ പരം രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്. മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങൾ മാറ്റുരക്കും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി , ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മലയാള ചിത്രങ്ങൾ.
ആദ്യ ദിനം നാലു മത്സര ചിത്രങ്ങൾ ഉൾപ്പെടെ 19 ചിത്രങ്ങൾ
രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിലെ ആദ്യദിനത്തിൽ നാലു മത്സര ചിത്രങ്ങളടക്കം പ്രദർശനത്തിന് എത്തുന്നത് പത്തൊൻപത് ചിത്രങ്ങൾ. ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റെസ്രക്ഷൻ , റഷ്യൻ ചിത്രമായ ഇൻ ബിറ്റ്വീൻ ഡൈയിംഗ്, മുഹമ്മദ് റസോൾഫിന്റെ ദെയ്ർ ഈസ് നോ ഈവിൾ, ദി നെയിംസ് ഓഫ് ദി ഫ്ളവർസ് എന്നിവയാണ് ആദ്യ ദിനത്തിലെ മത്സരചിത്രങ്ങൾ.
മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സെന്ന ഹെഡ്‌ജെ തിങ്കളാഴ്ച നിശ്ചയം എന്നീ ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ പൃഥ്വി കൊനനൂർ സംവിധാനം ചെയ്ത വെയർ ഈസ് പിങ്കിയും പ്രദർശിപ്പിക്കും.
സീറ്റ് റിസർവേഷൻ ആരംഭിച്ചു 
രാജ്യാന്തര ചലച്ചിത്ര മേളയിൽ തലശ്ശേരി പതിപ്പിലേക്കുള്ള സിനിമകളുടെ സീറ്റ് റിസർവേഷൻ ആരംഭിച്ചു. 'registration.iffk .in' എന്ന വെബ്‌സൈറ്റ് വഴിയും ചലച്ചിത്ര അക്കാഡമിയുടെ 'IFFK എന്ന ആപ്പ് വഴിയുമാണ് റിസർവേഷൻ ആരംഭിച്ചത് . ചിത്രങ്ങളുടെ പ്രദർശനത്തിനും ഒരു ദിവസം മുൻപ് റിസർവേഷൻ അനുവദിക്കും. രാവിലെ 8 മണിമുതൽ പ്രദർശനത്തിന് ഒരു മണിക്കൂർ മുൻപ് വരെ സീറ്റുകൾ റിസർവ് ചെയ്യാം. മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യുന്നവർക്ക് മാത്രമേ തിയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പർ ഇമെയിലായും എസ്.എം .എസ് ആയും ഡെലിഗേറ്റുകൾക്കു ലഭ്യമാക്കും. തെർമൽ സ്‌കാനിംഗിന് ശേഷം മാത്രമേ ഡെലിഗേറ്റുകൾക്കു തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ.
കൊവിഡ് പരിശോധന ഇന്നും
രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നവർക്കുള്ള കൊവിഡ് ആന്റിജൻ ടെസ്റ്റ് ഇന്നും തുടരും. രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ തലശ്ശേരി ടൗൺ ഹാളിൽ നാല് കൗണ്ടറുകളിലായിട്ടാണ് ടെസ്റ്റ് നടത്തുന്നത്. 700ഓളം പേർക്കാണ് രണ്ടു ദിവസങ്ങളിലായി ഇവിടെ ആന്റിജൻ ടെസ്റ്റ് നടത്തിയത്. ചലച്ചിത്രമേളയുടെ ഹെൽത്ത് ആൻഡ് കോവിഡ് കമ്മിറ്റി കൺവീനർ ഡോ. ബിജോയ് സി പിയുടെ നേതൃത്വത്തിലാണ് ടെസ്റ്റ് നടത്തുന്നത്. ലാബുകളിലും ആശുപത്രികളിലും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും മേളയിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.