കാസർകോട്: അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും വനിതാ ക്ഷേമത്തിനും മാലിന്യ നിർമ്മാർജ്ജനത്തിനും ഊന്നൽ നൽകി നഗരസഭാ ബഡ്ജറ്റ്. നഗരസഭയിലെ എല്ലാ മേഖലകളിലും ഗതാഗതം, നടപ്പാതകൾ, ഓവുചാലുകൾ തുടങ്ങി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് വൈസ് ചെയർപേഴ്സൺ ശംസീദാ ഫിറോസ് പറഞ്ഞു.

നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ അദ്ധ്യക്ഷത വഹിച്ചു. ബഡ്ജറ്റിന്റെ ആദ്യഭാഗം മലയാളത്തിലും തുടർന്നുള്ളവ കന്നടയിലുമാണ് ശംസീദ വായിച്ചത്. 8,62,61,908 രൂപ നീക്കിയിരിപ്പും 35,64,85,626 രൂപ വരവും അടക്കം 44,27,47,534 രൂപ ആകെവരവും 38,08,24,326 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് 2021-22 വർഷത്തെ മതിപ്പ് ബഡ്ജറ്റ്.

ബി.ജെ.പി കൗൺസിലർ പി. രമേശൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കെ. രജനി, കൗൺസിലർമാരായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സവിത ടീച്ചർ സംസാരിച്ചു. ക്രിയാത്മകമായ ഒരു നിർദേശവും ബഡ്ജറ്റിൽ ഇല്ലെന്ന് പി. രമേശൻ ആരോപിച്ചു.