കൂത്തുപറമ്പ്: കോട്ടയം രാജ വംശത്തിന്റെ വാസസ്ഥലമായിരുന്ന പുറക്കളം തെക്കേകോവിലകം പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നു. തലശ്ശേരി പഴശ്ശി സർക്യൂട്ടിന്റെ ഭാഗമായാണ് നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കോവിലകത്തിന്റെ നവീകരണം. 185 കൊല്ലത്തോളം പഴക്കമുള്ള കോട്ടയം തെക്കേകോവിലകമാണ് സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായുള്ള പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കോവിലകം സന്ദർശിച്ചു. 3 കോടി 44 ലക്ഷം രൂപയാണ് നവീകരണത്തിനും അനുബന്ധ പ്രവൃത്തിക്കുമായി നീക്കിവച്ചിട്ടുള്ളത്. ഹെറിറ്റേജ് ഗ്യാലറിയും, വിനോദ സഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യം ഉൾപ്പെടെയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളതെന്ന് ആർക്കിടെക്ട് പി.പി വിവേക് പറഞ്ഞു. തലശ്ശേരി പഴശ്ശി സർക്യൂട്ടിന്റെ ഭാഗമായി നടക്കുന്ന നവീകരണം ഡി.ടി.പി.സി യുടെ നേതൃത്വത്തിലാണ് നടക്കുക. കിഡ്ക് ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. കോട്ടയം തെക്കേകോവിലകം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് തെക്കേകോവിലകത്തെ മുതിർന്ന കാരണവർ പി.ആർ ഗോപാലകൃഷ്ണൻ പറഞ്ഞു.