
കണ്ണൂർ: പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ പണിമുടക്കിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോകൾ നിശ്ചലമായി. കെ.എസ്.ആർ.ടിസിയെ ആശ്രയിക്കുന്ന മലയോരത്തെ യാത്രക്കാരെ പണിമുടക്ക് സാരമായി ബാധിച്ചു. ദേശസാത്കൃത റൂട്ടായ കാസർകോട്-കാഞ്ഞങ്ങാട് റൂട്ടിൽ ഒരു ബസുപോലും നിരത്തിലിറങ്ങിയില്ല. കണ്ണൂർ ഡിപ്പോയിൽ നിന്ന് സാധാരണ രാവിലെ 42 സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് ഇന്ന് 18 സർവീസുകൾ മാത്രമേ പോയുള്ളു. ബംഗളൂരു ഉൾപ്പെടെയുള്ള സർവീസുകൾ പണിമുടക്കിനെ തുടർന്ന് മുടങ്ങിയിരിക്കുകയാണ്. പയ്യന്നൂർ ഡിപ്പോയിലെ സർവീസുകളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. കാസർകോട് സിവിൽ സ്റ്റേഷൻ, ബോണ്ട് സർവീസ് എന്നിവ പതിവുപോലെ ഓടി. പതിവായി രാവിലെ 28 സർവീസുകൾ പോകാറുണ്ട്. ഇന്ന് 18 സർവീസുകൾ നടക്കുന്നുണ്ട്. കാസർകോട് ഡിപ്പോയെയാണ് സമരം കാര്യമായി ബാധിച്ചത്. രണ്ട് സർവീസുകൾ മാത്രമാണ് പോയത്. സാധാരണ 85 സർവീസാണ് രാവിലെ ഉണ്ടാകാറുള്ളത്. ഒരു ബസ് മാത്രമാണ് മംഗലാപുരത്തേക്ക് പോയത്. പതിവ് ദിവസങ്ങളിൽ 43 സർവീസുകൾ നടത്തിയിരുന്ന കാഞ്ഞങ്ങാട് ഡിപ്പോയിൽനിന്ന് ഇന്ന് എട്ട് സർവീകൾ മാത്രമാണുള്ളത്. ജില്ലയിലെ മലയോര യാത്രക്കാരെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ 90 ശതമാനം ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. ഭൂരിഭാഗം സർവീസുകളും മുടങ്ങി എന്നാണ് ലഭിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. രാവിലെ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പത്ത് ശതമാനത്തോളം സർവീസുകൾ മാത്രമാണ് നിലവിലുള്ളത്. ശമ്പള പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ പണിമുടക്കുന്നത്. സമരം രാഷ്ട്രീയ പ്രേരിതം എന്നാരോപിച്ച് ഭരണാനുകൂല സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) പണിമുടക്കിൽ പങ്കെടുക്കുന്നില്ല.