thalappady

കണ്ണൂർ: കേരളത്തിൽ നിന്നുള്ള യാത്ര അതിർത്തിയിൽ തടഞ്ഞ കർണാടക സർക്കാരിനെതിരെ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ മുസ്ലീം ലീഗും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇവരുടെ പ്രതിഷേധം തുടരുന്നതിനിടെ ഇന്ന് ഇടതു യുവജന സംഘടനകളായ ഡി.വൈ.എഫ്.ഐയും, എ.ഐ.വൈ.എഫും തലപ്പാടിയിലെത്തി.

ഇന്നലെ കളക്ടർ ഇടപെട്ട് പരിഹാരം കാണാം എന്ന് ഉറപ്പ് കൊടുത്ത സാഹചര്യത്തിലാണ് സമരക്കാർ പിരിഞ്ഞുപോയത്. എന്നാൽ പ്രശ്നത്തിന് ഇതേവരെ പരിഹാരം കാണാൻ കഴിയാത്തതാണ് ഇടതു യുവജന സംഘടനകളെയും രംഗത്തിറങ്ങാൻ നിർബന്ധിതരാക്കിയത്. അതിർത്തി അടച്ചത് ഇന്നലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ന്യായീകരിച്ചിരുന്നു. അവരുടെ ജനങ്ങളുടെ ആരോഗ്യം മുൻനിർത്തിയാണ് അതിർത്തി അടച്ചതെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. ഇത് രാഷ്ട്രീയ ആയുധമാക്കിയാണ് ഇടതു യുവജന സംഘടനകൾ രംഗത്തുള്ളത്.

ജയിൽ മോചിതനായ മഞ്ചേശ്വരം എം.എൽ.എ. എം.സി. കമറുദ്ദീനും അതിർത്തിയിൽ എത്തിയിട്ടുണ്ട്. കേരളത്തിൽ കൊവിഡ് വ്യാപനം ശക്തമാകുന്നത് കൊണ്ടാണ് കർശന നടപടി സ്വീകരിക്കേണ്ടി വന്നതെന്നാണ് കർണാടകയുടെ വിശദീകരണം. കാസർകോട് അതിർത്തിയിലെ അഞ്ച് റോഡുകൾ ഒഴിച്ച് മറ്റെല്ലാം അടച്ചിരിക്കുകയാണ്. ഊടുവഴികൾ പോലും വേലികെട്ടിയും മറ്റും തടഞ്ഞിരിക്കുകയാണ്. ചെറുതും വലുതുമായ 24 വഴികളാണ് കേരള, കർണാടക അതിർത്തിയിലുള്ളത്. ദേശീയ പാതയിൽ തലപ്പാടി ഉൾപ്പെടെയുള്ള നാലിടത്ത് അതിർത്തി കടക്കുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുകയും ചെയ്തു. ഇതാകട്ടെ വിദ്യാർത്ഥികളും രോഗികളും അടക്കമുള്ളവർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. കൂടാതെ ബസ് യാത്രക്കാർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നിലവിൽ രോഗികളുമായെത്തുന്ന ആംബുലൻസുകൾക്ക് നിയന്ത്രണമില്ല. എപ്പോൾ വേണമെങ്കിലും ആംബുലൻസുകൾക്കും നിയന്ത്രണം വന്നേക്കാം എന്നതാണ് സ്ഥിതി. നേരത്തെ അതിർത്തികൾ കർണാടക അടച്ചപ്പോൾ ചികിത്സ കിട്ടാതെ നിരവധി രോഗികൾ മരിച്ചിരുന്നു. ഇന്നലെ വയനാട് ബാവലി ചെക്ക്‌പോസ്റ്റിൽ കേരള വാഹനങ്ങൾ തടഞ്ഞത് വാക്കുതർക്കത്തിനും ഗതാഗതകുരുക്കിനും കാരണമായിരുന്നു. ദക്ഷിണ കന്നടയോട് ചേർന്നുള്ള അതിർത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. കൊവിഡിന്റെ പേര് പറഞ്ഞ് അതിർത്തികൾ അടച്ചതോടെ കാസർകോട് നിന്നുള്ള യാത്രക്കാർ ചികിത്സാവശ്യത്തിനും മറ്റും മംഗളൂരുവിലേക്ക് പോകുന്നത് തടസപ്പെട്ടു. മംഗളൂരു വിമാനത്താവളം വഴി ഗൾഫിലേക്കും മറ്റും പോകേണ്ട യാത്രക്കാരും ആശങ്കയിലാണ്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമാണ് കർണാടകയിലേക്ക് പ്രവേശിപ്പിക്കൂ എന്നാണ് ഇവർ പറയുന്നത്.