
കാസർകോട്: കേരള മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അതിർത്തിയിലെ യാത്രാ നിയന്ത്രണത്തിൽ കർണ്ണാടക നേരിയ ഇളവുവരുത്തി. അതിർത്തി കടക്കാൻ രണ്ടു ദിവസത്തേക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇതോടെ തലപ്പാടിയിലും മറ്റുമുള്ള അതിർത്തി റോഡുകളിലെ പരിശോധന തത്കാലം ഒഴിവാക്കി. കർണാടക അതിർത്തി അടച്ച പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ച സാഹചര്യത്തിലാണ് കർണാടക നിലപാട് മയപ്പെടുത്തിയത്.
അതേസമയം, യാത്രക്കാർക്ക് സർട്ടിഫിക്കറ്റ് വാങ്ങാൻ സമയം ആവശ്യമാണെന്ന വസ്തുത കണക്കിലെടുത്താണ് ഇളവ് നൽകിയതെന്നാണ് ദക്ഷിണ കർണ്ണാടക ജില്ലാ ആരോഗ്യ ഓഫീസർ ഡോ. രാമചന്ദ്ര ബെയറി പറഞ്ഞത്. കേരളത്തിൽ നിന്നുള്ള ദക്ഷിണ കന്നഡ ജില്ലയിലേക്കുള്ള യാത്രക്കാരെ തലപ്പാടി, ജാൽസൂർ, നെട്ടണിഗെ, സാറടുക്ക, മുണ്ടൂർ, മെനാല എന്നിവിടങ്ങളിൽ കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ തുറന്ന് ആരോഗ്യ, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കാൻ തുടങ്ങിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് കർണാടക നിലപാട് കടുപ്പിച്ചാൽ വീണ്ടും പ്രതിഷേധം ഉയർന്നേക്കും. കാസർകോടിന്റെ 17 അതിർത്തികളിൽ അഞ്ചു റോഡുകൾ മാത്രമാണ് കർണ്ണാടക തുറന്നത്. കേരളത്തിൽ കൊവിഡ് കണക്കുകൾ വർദ്ധിച്ച തോതിൽ നില നിൽക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക സർക്കാർ പരിശോധന കർശനമാക്കിയത്.
തിങ്കളാഴ്ച മുതൽ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിർദേശം. ഇതേ തുടർന്ന് തിങ്കളാഴ്ച മുതൽ അതിർത്തിയിൽ അധികൃതർ പരിശോധന കർശനമാക്കിയിരുന്നു. കാസർകോട് അടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും രോഗികളും മംഗളൂരുവിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് അതിർത്തിയിൽ കുടുങ്ങിയത്. 1800 രൂപ ചിലവ് ചെയ്തു കൊവിഡ് ടെസ്റ്റ് നടത്തിയാണ് അടിയന്തര ആവശ്യമുള്ളവർ അതിർത്തി കടന്നത്.