
തലശേരി: ഇന്ത്യൻ സിനിമയ്ക്ക് മലയാളത്തിന്റെ ഗന്ധം പകർന്നു നൽകിയ പത്മശ്രീ കെ. രാഘവൻ മാസ്റ്ററുടെയും എ.ടി.ഉമ്മറിന്റെയും നാടായ തലശേരിയിൽ ലോക സിനിമയുടെ വിസ്മയങ്ങളിലേക്ക് മിഴി തുറക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഇനി അഞ്ചുനാൾ തലശേരിക്ക് പുതിയ ദൃശ്യാനുഭവങ്ങളുടെ രാപ്പകലുകൾ.
കൊവിഡ് മഹാമാരിക്കിടയിൽ പ്രത്യാശയുടെ നേർത്ത വെളിച്ചവുമായാണ് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ വരവ്. തിരുവനന്തപുരത്ത് നടക്കാറുള്ള മേളയ്ക്ക് മലബാറിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രേക്ഷകർ എത്തിയിരുന്നത്. എന്നാൽ ഇത്തവണ മലബാറുകാരെ തേടി സിനിമ വീട്ടുമുറ്റത്തെത്തിയിരിക്കുകയാണ്.
അത്യുത്തര കേരളത്തിലെ ചലച്ചിത്ര പ്രേമികൾക്ക് പ്രതീക്ഷിക്കാതെ ലഭിച്ച അസുലഭ സൗഭാഗ്യമാണിത്. മേളയുടെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഓൺലൈനിൽ നിർവഹിച്ചു. കഥാകൃത്ത് ടി. പത്മനാഭൻ മുഖ്യാതിഥിയായി. നോവലിസ്റ്റ് എം. മുകുന്ദൻ, ചലച്ചിത്ര സംവിധായകരായ ടി.വി. ചന്ദ്രൻ, കെ.പി. കുമാരൻ എന്നിവർ ഓൺലൈനിൽ ആശംസ നേർന്നു. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സെക്രട്ടറി സി. അജോയ്, വി.കെ. ജോസഫ്, പ്രദീപ് ചൊക്ളി എന്നിവർ പ്രസംഗിച്ചു. അഞ്ചു ദിവസങ്ങളിലായി ആറ് തിയേറ്ററുകളിൽ 80 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
പ്രദർശനത്തിൽ മാറ്റം
25 ന് ലിബർട്ടി സ്യൂട്ടിൽ ഉച്ചയ്ക്ക് 1.45ന് പ്രദർശിപ്പിക്കാനിരുന്ന ജയരാജ് ചിത്രം ഹാസ്യം വൈകീട്ട് 5 മണിക്ക് ലിബർട്ടി ലിറ്റിൽ പാരഡൈസിൽ പ്രദർശിപ്പിക്കും. ലിബർട്ടി ലിറ്റിൽ പാരഡൈസിൽ അതേസമയം പ്രദർശിപ്പിക്കാനിരുന്ന മത്സരവിഭാഗത്തിലെ ചിത്രം ഡെസ്റ്ററോ, ഉച്ചയ്ക്ക് 1.45 ന് ലിബർട്ടി സ്യൂട്ടിലും പ്രദർശിപ്പിക്കും. ലിബർട്ടി സ്യൂട്ടിൽ 4 മണിക്ക് പ്രദർശിപ്പിക്കാനിരുന്ന മത്സരവിഭാഗത്തിലെ ചിത്രം ലോൺലി റോക്കിന്റെ പ്രദർശനം 4.15 ലേക്കും മാറ്റി.
26 ന് വൈകുന്നേരം 4 ന് ലിബർട്ടി സ്യൂട്ടിൽ പ്രദർശിപ്പിക്കാനിരുന്ന ചുരുളി വൈകുന്നേരം 7 ന് ലിറ്റിൽ പാരഡൈസിൽ പ്രദർശിപ്പിക്കും. അതേസമയം ലിറ്റിൽ പാരഡൈസിൽ പ്രദർശിപ്പിക്കാനിരുന്ന ലോകസിനിമ വിഭാഗത്തിലെ നെവർ ഗോണ സ്‌നോ എഗെയ്ൻ സിനിമയുടെ പ്രദർശനം വൈകുന്നേരം നാലിന് ലിബർട്ടി സ്യൂട്ടിലും നടക്കും.
സുവർണ്ണ നിമിഷങ്ങൾ ഫോട്ടോകളിൽ
രാജ്യാന്തര ചലച്ചിത്ര മേളയുടെ തുടക്കം മുതൽ കടന്നുവന്ന നാൾ വഴികൾ അടയാളപ്പെടുത്തുന്ന ഐ.എഫ്.എഫ്.കെ ജൂബിലി ഫോട്ടോ പ്രദർശനമായ മേള @ 25 തുടങ്ങി. പ്രധാന വേദിയായ ലിബർട്ടി തീയേറ്റർ സമുച്ചയത്തിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം എം .മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
ചലച്ചിത്രങ്ങൾ എക്കാലത്തെയും രാഷ്ട്രീയ അടയാളപ്പെടുത്തലുകളാണെന്നും ഇത്തരം മേളകൾ തനിക്ക് നിരവധി ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
1994 ൽ കോഴിക്കോട്ട് മേള ആരംഭിച്ചതു മുതൽ 2019 വരെയുള്ള 300 ചിത്രങ്ങളാണ് ഐ.എഫ്.എഫ്.കെയുടെ കാൽനൂറ്റാണ്ട് അടയാളപ്പെടുത്തിയ ഫോട്ടോ പ്രദർശനത്തിലുള്ളത്. ചിത്രങ്ങളെ കുറിച്ചുള്ള വിവരണവും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അക്കാഡമിയുടെ ശേഖരത്തിൽ നിന്നുള്ള ചിത്രങ്ങൾക്ക് പുറമേ പ്രതിനിധികളിൽ നിന്ന് ശേഖരിച്ച ഫോട്ടോകളും പ്രദർശനത്തിലുണ്ട്. അക്കാഡമി കൗൺസിൽ അംഗം സജിതാ മഠത്തിലാണ് ക്യൂറേറ്റർ. എ.എൻ ഷംസീർ എം.എൽ.എ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്‌സൺ ബീനാ പോൾ, സെക്രട്ടറി അജോയ് ചന്ദ്രൻ, സജിത മഠത്തിൽ തുടങ്ങിയവരും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.
ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തനം തുടങ്ങി
രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിന്റെ ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. റിസപ്ഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി കമ്മിറ്റി ചെയർമാൻ ലിബർട്ടി ബഷീറാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, ചെയർപേഴ്‌സൺ ബീന പോൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ സിബി മലയിൽ, വി.കെ ജോസഫ്, ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.