
തലശേരി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ വിസ്മയക്കാഴ്ചകളിലേക്ക് തലശേരി മിഴി തുറന്നപ്പോൾ കണ്ടത് പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളുടെയും അതിജീവനത്തിന്റേയും നേർചിത്രങ്ങൾ. ആദ്യ ദിവസം പ്രദർശിപ്പിച്ച 19 ചിത്രങ്ങളിലേറെയും ഉയർത്തെഴുന്നേൽപ്പിന്റെ ദൃശ്യങ്ങളായിരുന്നു.
ബോസ്നിയൻ ചിത്രമായ ക്വാവാഡിസ്, ഐഡയ്ക്കായിരുന്നു തിരക്കേറെ. ഐക്യരാഷ്ട്ര സംഘടനയ്ക്കു വേണ്ടി വിവർത്തകയായി പ്രവർത്തിക്കുകയാണ് ഐഡ. സെർബിയൻ പട്ടാളം നഗരം ആക്രമിക്കുന്നതോടെ മറ്റുള്ളവർക്കൊപ്പം യു.എൻ. അഭയാർഥി ക്യാമ്പിൽ ഐഡ എത്തിച്ചേരുന്നു. തന്റെ ജോലിയിലൂടെ വളരെ പ്രധാനപ്പെട്ട ഒരു രഹസ്യം ഐഡ അറിയുന്നു. മരണത്തിനും രക്ഷപ്പെടലിനും ഇടയിലെ ഐഡയുടെ ജീവിതമാണ് സംവിധായകൻ ജാസ്മില സബാനിക് തന്റെ ചിത്രത്തിലൂടെ പറയുന്നത്.
1962 ൽ തെക്കൻ സോവിയറ്റ് യൂണിയനിലെ ഒരു ഫാക്ടറിയിൽ പൊട്ടിപ്പുറപ്പെട്ട സമരത്തിനിടെ കാണാതായ മകൾക്ക് വേണ്ടിയുള്ള ല്യൂദ്മിലയുടെ അലച്ചിലിന്റെ കഥ പറഞ്ഞ റഷ്യൻ ചിത്രമായ ഡിയർ കോമ്രേഡ്സും പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. ബാല്യം, പട്ടാളജീവിതം, വാർദ്ധക്യം എന്നിങ്ങനെ പാറ്ററിന്റെ ജീവിതത്തിന്റെ മൂന്ന് കാലങ്ങളുടെ കഥ പറയുകയാണ് കാമൻ കലേവിന്റെ ബൾഗേറിയൻ ചിത്രമായ ഫെബ്രുവരി. മലയാള ചിത്രമായ തിങ്കളാഴ്ച നിശ്ചയവും ശ്രദ്ധേയമായി. സുജയുടെ വിവാഹ നിശ്ചയചടങ്ങിനുള്ള ക്രമീകരണങ്ങൾ നടക്കുന്നതിനിടയിലെ സുജ പുനർചിന്തനമാണ് സംവിധായകൻ സെന്നാ ഹെഗ്ഡേ ആവിഷ്കരിച്ചത്.
മാദ്ധ്യമങ്ങളിൽ നിന്നുമുള്ള ക്ളിപ്പിംഗുകളുടെ ഒരു കൊളാഷ് ചിത്രം, പെയിന്റിംഗുകളുടെ ചിത്രങ്ങൾ, ഗ്രാഫിക്സ്, സ്റ്റിൽ ഫോട്ടോകളും വിവരണവും ഗൊദാർദിന്റെ ഒറിജിനൽ ഫൂട്ടേജുകളും ചേർന്ന് പുതിയ സാങ്കേതിക രീതിയിൽ ഒരുക്കിയ സ്വിസ് ചിത്രമാണ് ദി ഇമേജ് ബുക്ക്. തടവുകാരുടെ ജീവിതം പറയുന്ന ഫ്രഞ്ച് ചിത്രം നൈറ്റ് ഓഫ് കിംഗ്സും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
അഭയാർത്ഥി ജീവിതക്കാഴ്ചകൾ പങ്കുവച്ച് എം. മുകുന്ദൻ
ബോസ്നിയയിൽ നിന്നും മറ്റും പലായനം ചെയ്ത് പാരീസിലെത്തിയവരുടെ ജീവിതക്കാഴ്ചകൾ എഴുത്തുകാരൻ എം. മുകുന്ദൻ പങ്കുവച്ചപ്പോൾ അതൊരു പുതിയ ദൃശ്യാനുഭവമായി. ഫോട്ടോ പ്രദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം തന്റെ പഴയ കാഴ്ചകൾ പങ്കുവച്ചത്. ഫ്രഞ്ച് എംബസിയിൽ ഉദ്യോഗസ്ഥാനായിരിക്കെ പാരീസിലെ സന്ദർശനത്തിനിടെ മക്കൾക്കായി വാങ്ങിയ ചോക്ളേറ്റ് കവറിനു പിന്നാലെ വിശന്നൊട്ടിയ വയറുമായി ഒരു ബോസ്നിയൻ ബാലൻ ആർത്തിയോടെ പിന്തുടർന്ന സംഭവമാണ് അദ്ദേഹം പങ്കുവച്ചത്.