തലശ്ശേരി: ഗതാഗതക്കുരുക്ക് ഒഴിവാക്കാനും, നഗര സൗന്ദര്യവൽക്കരണത്തിനും പ്രഥമ പരിഗണന നൽകാൻ പുതിയ നഗരസഭ കൗൺസിലിന്റെ ആദ്യ ബഡ്ജറ്റിൽ നിർദ്ദേശം. ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമായി രണ്ട് കോടി രൂപ ചെലവിൽ വിശാലമായ പാർക്കിംഗ് പ്ലാസക്കും, നഗരത്തെ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുന്ന ക്ലീൻ, ഗ്രീൻ സിറ്റിയാക്കാൻ ഒരു കോടിയുമാണ് വൈസ് ചെയർമാൻ വാഴയിൽ ശശി അവതരിപ്പിച്ച ബ‌ഡ്ജറ്റിൽ മുന്തിയ പരിഗണന നൽകിയിട്ടുള്ളത്. മാലിന്യ സംസ്‌കരണം, വിവിധ പാർക്കുകളുടെ നവീകരണം (20 ലക്ഷം), നഗരസഭയുടെ വരുമാനം വർദ്ധിപ്പിക്കാൻ ഷോപ്പിംഗ് കോംപ്ലസ് പണിയാൻ (90 ലക്ഷം), പുതിയ റോഡുകൾ നിർമ്മിക്കാനും, ഏതാനും റോഡുകളുടെ പുനർനിർമ്മാണത്തിനും ( 90 ലക്ഷം), ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം ( ഒരു കോടി), നഗരസഭയുടെതായ ഭൂമികൾ പലയിടങ്ങളിലായി അന്യാധീനപ്പെടുന്നത് വീണ്ടെടുത്ത് സംരക്ഷിക്കാൻ (20 ലക്ഷം) എന്നിങ്ങനെ വകയിരുത്തി. 74,56,63,000 രൂപ വരവും 70,86,47,000 ചെലവും 11,13,90;459 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നു. ബഡ്ജറ്റിൽ അടിസ്ഥാന വികസന സൗകര്യങ്ങൾക്ക് ഒരു വിധത്തിലുമുള്ള പ്രാധാന്യവും നഗരസഭ നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കെ. ലിജേഷ് ആരോപിച്ചു.