e-post

കാഞ്ഞങ്ങാട്: വൈദ്യുതി തൂണുകൾക്കുള്ള ക്ഷാമം പദ്ധതികൾ അനിശ്ചിതത്വത്തിലാക്കുന്നു. കെ.എസ്.ഇ.ബി കാസർകോട് സർക്കിൾ പരിധിയിൽ നിലവിൽ ഏറ്റെടുത്ത പല പദ്ധതികളും തൂണുകളുടെ ലഭ്യതക്കുറവ് കാരണം പാതിവഴിയിലാണ്.

ജില്ലയിൽ 2019-20, 2020-21 വർഷത്തിൽ 33 കോടിയിലേറെ രൂപയുടെ പദ്ധതികളാണ് മുടങ്ങിയത്. രണ്ടു വർഷങ്ങളിലായി 57.49 കോടി രൂപയുടെ വൈദ്യുതി വികസന പദ്ധതികളാണുള്ളത്. 12.19 കോടി രൂപയുടെ പ്രവൃത്തി പൂർത്തിയായി. 12.38 കോടി രൂപയുടെ പദ്ധതി പുരോഗതിയിലാണ്. 250 കിലോമീറ്ററിലേറെ ലൈൻ വലിക്കാനുള്ള കരാർ നൽകിയതാണ്. ഇത് പരിഹരിക്കാൻ 12,000 തൂണുകൾ വേണം.
നിലവിലുള്ള ഹൈടെൻഷൻ ഓവർ ഹെഡ് ലൈൻ കമ്പികൾ നീട്ടുന്നതിന് 9 മീറ്റർ നീളമുള്ള 2756, എ.ബി.സി ലൈൻ (3 കമ്പികൾ ഒന്നിച്ചു കൂട്ടിക്കെട്ടി വലിക്കുന്നതിന്) 1500, എൽ.ടി. ലൈനിൽ ഒ.എച്ച് ലൈൻ നീട്ടുന്നതിന് 8 മീറ്ററിന്റെ 5100, എ.ബി.സി ലൈനിൽ 3200 എന്നിങ്ങനെ തൂണുകൾ ആവശ്യമുണ്ട്. കൊവിഡ് പ്രതിസന്ധിയാണ് തൂണുകളുടെ ലഭ്യതക്കുറവിനു കാരണം. ജില്ലയിൽ കാസർകോട് വൈദ്യുതി സർക്കിൾ പരിധിയിൽ


ആശ്രയം സ്വകാര്യ കമ്പനികൾ
ചെന്നൈ, മംഗളൂരു എന്നിവിടങ്ങളിലെ സ്വകാര്യ നിർമാണ കമ്പനികളിൽ നിന്നാണ് തൂണുകൾ ലഭിക്കേണ്ടത്. പർച്ചേസ് ഓർഡർ പ്രകാരം മംഗളൂരുവിലെ കമ്പനിയിൽ നിന്നു പ്രതിമാസം 8 മീറ്ററിന്റെ 1820 തൂണുകളും 9 മീറ്ററിന്റെ 714 തൂണുകളും ചെന്നൈ കമ്പനിയിൽ നിന്നു 8 മീറ്ററിന്റെ 1000 തൂണുകളും, 9 മീറ്ററിന്റെ 400 തൂണുകളുമാണ് പ്രതിമാസം ലഭിക്കേണ്ടത്. വൈദ്യുതി തൂൺ നിർമാണ കമ്പനികൾക്കു രണ്ടു വർഷം മുമ്പ് കരാർ കൊടുത്ത പ്രകാരമാണ് തൂണുകൾ ലഭിക്കുന്നത്. പ്രകൃതിക്ഷോഭം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ വൈദ്യുതി തൂണുകൾ തകർന്നതും റോഡ് വീതി കൂട്ടൽ, ജല വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തൂണുകൾ മാറ്റേണ്ടി വന്നതും കാരണമാണ് കൂടുതൽ തൂണുകൾ ആവശ്യമായത്. നേരത്തെ വാങ്ങിയ തൂണുകളിൽ പലതും ഗുണനിലവാരം ഇല്ലെന്ന് ഒന്നര മാസം മുമ്പ് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.