suseel
സുശീൽ കുമാർ

തലശ്ശേരി: പിറന്ന മണ്ണിൽ അന്തർദ്ദേശീയ ചലച്ചിത്രോത്സവ മാമാങ്കം നടക്കുന്നതിൽ, തലശ്ശേരിയുടെ പ്രിയനടൻ സുശീൽ കുമാറിന് എന്തെന്നില്ലാത്ത സന്തോഷം. പത്മശ്രീ രാഘവൻ മാഷിന്റെ മണ്ണിൽ, ആദ്യ നടൻ ആണ്ടിയുടെ നാട്ടിൽ, പഴശ്ശിരാജയുടെ പാദസ്പർശമേറ്റ പൈതൃകനഗരിയിൽ ദൃശ്യകലാവിസ്മയം നടക്കുന്നതിൽ കലാകാരനെന്ന നിലയിലുള്ള സന്തോഷം അതിരറ്റതാണെന്ന് അദ്ദേഹം പറഞ്ഞു.

സഹപ്രവർത്തകർക്കും മഹാപ്രതിഭകൾക്കും പ്രേക്ഷകർക്കുമിടയിൽ നിൽക്കുമ്പോൾ അഭിമാനം തോന്നുന്നു. അമേച്വർപ്രൊഫഷണൽ നാടക വേദിയിൽ നിന്നും അഭ്രപാളികളിലേക്ക് നടന്നുകയറിയ സുശീൽ കുമാർ ഇന്ന് മലയാളി പ്രേക്ഷകരുടെ അഭിമാനമാണ്. നാടക-ചലച്ചിത്ര വേദിക്ക് സമർപ്പിതമാണ് ഈ ജീവിതം. കലാമൂല്യമുള്ള ചിത്രങ്ങളേയും കമേഴ്സ്യൽ സിനിമകളേയും ഒരുപോലെ ഇഷ്ടപ്പെടുന്ന സുശീൽ, കലാസാംസ്‌കാരിക വേദികളിലെ നിറസാന്നിദ്ധ്യവും അറിയപ്പെടുന്ന പ്രഭാഷകനുമാണ്.
ഇരട്ടക്കുട്ടികളുടെ അച്ഛനിൽ തുടങ്ങി 67 ഓളം സിനിമകൾ. സിബിമലയിൽ സംവിധാനം ചെയ്ത ഉസ്താദ് എന്ന ചിത്രത്തിലൂടെയാണ് മുഖ്യധാരാ സിനിമയിൽ എത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി. വല്ല്യേട്ടൻ, രാവണപ്രഭു, പ്രാഞ്ചിയേട്ടൻ, ഇന്ത്യൻ റൂപീ, കിംഗ് ആൻഡ് കമ്മിഷണർ തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകൾ ഏറെ. എം.ടി-ഹരിഹരൻ ടീമിന്റ പഴശ്ശി രാജയിലെ ശേഖര വാരിയർ ഏറെ ശ്രദ്ധിക്കപ്പെട്ടു. കമലിന്റെ ആമിയിലെ മഹാകവി വള്ളത്തോൾ പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിന്നു. ചങ്ങായി,മുന്ന, മാഹി, പെർഫ്യൂം, ഹിഗിറ്റാ... തുടങ്ങി അഞ്ച് പുതിയ ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിലുണ്ട്.

സുശീൽ കുമാർ