iffk

തലശേരി: ചലച്ചിത്ര മേളയിൽ തിളങ്ങി ദക്ഷിണ കൊറിയൻ ചിത്രങ്ങളായ ഒയാസിസും പോയട്രിയും. ലീ ചാംഗ് ഡോംഗിന്റെ ഒയാസിസ് ജയിലിൽ നിന്ന് മോചിതനായ യുവാവ് തന്റെ ഇളയസഹോദരനെ അന്വേഷിച്ച് പോകുന്നതാണെങ്കിൽ വാർദ്ധക്യത്തിലേക്ക് കടന്ന യാങ് മി ജാന്റെ ജീവിത വിഹ്വലതകളാണ് പോയട്രിയിൽ പറയുന്നത്.

കുറ്രകൃത്യത്തിൽ നിന്ന് കൊച്ചുമകനെ രക്ഷിക്കാൻ നൽകേണ്ടുന്ന നഷ്ടപരിഹാരത്തുക സ്വരൂപിക്കാൻ പ്രയാസപ്പെടുന്ന യാംഗ് കവിതാ പഠന ക്ളാസിൽ ചേരുന്നു. കവിത എഴുതിത്തുടങ്ങുന്നതോടെ അവരുടെ ജീവിതത്തിന് പുതിയ കരുത്തും ലക്ഷ്യവും കൈവരുന്നതാണ് പോയട്രിയുടെ ഇതിവൃത്തം.

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ നിത്യസാന്നിദ്ധ്യമായിരുന്ന കിം കി ഡുക്കിന്റെ ഓർമ്മകൾ ഈ ചിത്രത്തിൽ നിറയുന്നുണ്ടോ എന്നു സംശയിച്ചു പോകും. സാധാരണ മനുഷ്യരുടെ വേദനകൾ അസാധാരണമായ ഉൾക്കാഴ്ചയോടെ രേഖപ്പെടുത്തുന്നതാണ് ദക്ഷിണ കൊറിയൻ ചിത്രങ്ങൾ. ജീവിതവും മരണവും സ്നേഹവും ബന്ധവും ബന്ധനങ്ങളും ഇവിടെ കടുംചായങ്ങളോടെ ആവിഷ്കരിക്കുന്നു.