വളപട്ടണം: വാഹന പരിശോധനക്കിടയിൽ വളപട്ടണം പൊലീസ് കഞ്ചാവ് സഹിതം രണ്ടു പേരെ പിടികൂടി. കണ്ണൂർ സിറ്റി സ്വദേശി സി. ഇർഷാദ് (22), പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി ടി. അഫ്നാസ് (22) എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും ദേഹ പരിശോധന നടത്തിയപ്പോഴാണ് മാരക മയക്കു മരുന്നുകൾ കണ്ടെത്തിയത്.
ഇർഷാദിൽ നിന്നും 14.2 ഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലും എം.ഡി.എം.എ യും കണ്ടെടുത്തു. അഫ് നാസിൽ നിന്നും നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു.
പാപ്പിനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന് സമീപത്ത് വെച്ച് തിങ്കളാഴ്ച രാത്രി പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇരുവരും ഇരുചക്ര വാഹനത്തിലെത്തിയത്. പൊലീസ് കൈ നീട്ടി നിറുത്തിച്ചപ്പോൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരേയും പൊലീസ് തടഞ്ഞു വെച്ചാണ് പിടികൂടി പരിശോധിച്ചത്. രണ്ടു പേരെയും കോടതി റിമാൻഡ് ചെയ്തു.