
തലശേരി : അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ രണ്ടാം ദിനത്തിൽ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച കെ.പി. കുമാരന്റെ ഗ്രാമവൃക്ഷത്തിലെ കുയിലും വിപിൻ ആറ്റ്ലിയുടെ മ്യൂസിക്കൽ ചെയറും പ്രേക്ഷകശ്രദ്ധ നേടി. 40 വർഷം മുമ്പ് മനസിൽ കുറിച്ച മഹാകവി കുമാരനാശാന്റെ ജീവിതം പറയുന്ന ചിത്രം കെ.പി. കുമാരൻ സൃഷ്ടിച്ചത് 72ം വയസിൽ. കഥപറച്ചിലിൽ കവിതകൾ കൂടി ചേർത്ത് വേറിട്ട രീതിയിലാണ് അദ്ദേഹം ' ഗ്രാമവൃക്ഷത്തിലെ കുയിൽ' ഒരുക്കിയത്. ചലച്ചിത്രോത്സവത്തിൽ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിപ്പോൾ പുതിയ തലമുറയ്ക്ക് അത് മഹാകവിയുടെ വ്യക്തി ജീവിതത്തിലേക്കും കാവ്യ ജീവിതത്തിലേക്കും കടന്നുപോകാനുള്ള അവസരമായി.
മലയാള സിനിമയിൽ നവീന ഭാവുകത്വത്തിന് തുടക്കം കുറിച്ച ചലച്ചിത്രകാരൻമാരിൽ ഒരാളായ കുമാരൻ അടൂരിന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ സഹരചയിതാവായാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. റോക്ക്,അതിഥി, തോറ്റം, രുഗ്മിണി, ആകാശ ഗോപുരം തുടങ്ങി പത്തോളം ചിത്രങ്ങൾ മാത്രമാണ് അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ നിന്നും പിറവിയെടുത്തത്. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം സംവിധാനം നിർവഹിച്ച ഗ്രാമവൃക്ഷത്തിലെ കുയിൽ തന്റെ അവസാനത്തെ സിനിമയാണെന്ന് അദ്ദേഹം നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രമുഖ കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശ്രീവത്സൻ ജെ. മേനോൻ ആണ് കുമാരനാശനായി വേഷമിടുന്നത്. സിനിമയുടെ സംഗീതസംവിധാനവും ഇദ്ദേഹം തന്നെ. കവിതകളും ആലപിച്ചിട്ടുണ്ട്.ഭാര്യ ഭാനുമതിയെ അവതരിപ്പിച്ചത് ഗാർഗി ആനന്ദാണ്. പത്രാധിപർ മൂർക്കോത്ത് കുമാരനായി മാദ്ധ്യമപ്രവർത്തകൻ പ്രമോദ് രാമനും സഹോദരൻ അയ്യപ്പനായി രാഹുൽ രാജഗോപാലും അരങ്ങിലെത്തി.സഹധർമിണി എം .ശാന്തമ്മപിള്ളയാണ് ചിത്രം നിർമ്മിച്ചത്.
ഞാൻ ഒരു പഴയ ചലച്ചിത്രകാരനാണ്. അതിനാൽ പുതുതലമുറക്ക് അപരിചിതനാണ്. കുമാരനാശാന്റെ ജീവിതം സിനിമയാക്കണമെന്നത് വർഷങ്ങൾക്ക് മുമ്പ് മനസ്സിൽ ആഗ്രഹിച്ചതാണ്.1903ൽ ആശാൻ എസ്. എൻ.ഡി.പി സെക്രട്ടറിയായി ചുമതലയേറ്റതു മുതൽ 1924ൽ പല്ലനയാറ്റിൽ അകാലമൃത്യുവിന് ഇരയാകുന്നതു വരെയുള്ള 20 വർഷത്തിനിടെയുള്ള ജീവിതമാണ് ഇതിൽ ചിത്രീകരിക്കുന്നത്. സവർണൻ അല്ലാത്തതുകൊണ്ടാണ് അർഹിക്കുന്ന പ്രാധാന്യം ആശാന് ലഭിക്കാത്തതെന്നും ഇതൊരു ആരോപണമായി മലയാളിക്കു മുന്നിൽ വയ്ക്കുകയാണ്-കെ.പി. കുമാരൻ
മരണഭയം നൽകുന്ന ഉത്തരങ്ങൾ
മാർട്ടിന്റെ മരണഭയം അവതരിപ്പിച്ച വിപിൻ ആറ്റ്ലി ചിത്രമായ മ്യൂസിക്കൽ ചെയറിൽ വർത്തമാനകാല ജീവിതത്തിന്റെ പരിച്ഛേദമായി മാറുന്നു. എഴുത്തുകാരനായ മാർട്ടിന് മരണത്തെ വല്ലാത്ത ഭയമാണ്. മരണഭയം അയാളുടെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു. ഭയത്തിൽ നിന്നും രക്ഷ നേടാനും മനസ്സമാധാനം കണ്ടെത്താനുമായി മാർട്ടിൻ മരണമെന്ന നിഗൂഢതയ്ക്ക് പിന്നാലെ യാത്ര തിരിക്കുന്നു. അയാളുടെ ഉള്ളിൽ അന്നോളമുണ്ടായിരുന്ന പല ചോദ്യങ്ങൾക്കുള്ളമുള്ള ഉത്തരം ഈ അന്വേഷണത്തിലൂടെ ലഭിക്കുന്നു.