കണ്ണൂർ: കോർപ്പറേഷന്റെ കീഴിലുള്ള താവക്കരയിലെ വനിതാ ഹോസ്റ്റലിന്റെ നടത്തിപ്പിന് വെൽഫെയർ കമ്മിറ്റി രൂപീകരിക്കാൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. ഹോസ്റ്റലിന്റെ നടത്തിപ്പ് കാലാവധി നീട്ടണമെന്ന അപേക്ഷ പരിഗണിക്കുന്നതിനിടെ കൗൺസിലറായ കെ.എം സാബിറയാണ് വെൽഫെയർ കമ്മിറ്റി രൂപീകരിക്കാനുള്ള ആവശ്യം ഉന്നയിച്ചത്.
ആനക്കുളം സൗന്ദര്യവത്കരിക്കുന്നതിന് സ്ഥലം വിനോദ സഞ്ചാരവകുപ്പിന് ഉപാധികളോടെ നൽകണമെന്ന് കാട്ടി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകിയ കത്തും കൗൺസിൽ യോഗത്തിൽ ചർച്ചക്ക് വന്നു. സൗന്ദര്യവത്ക്കരണം പൂർത്തിയായാൽ കോർപ്പറേഷന് തിരിച്ച് നൽകണമെന്ന മേയർ ടി.ഒ.മോഹനന്റെ നിർദ്ദേശത്തിന് കൗൺസിലിന്റെ അംഗീകാരം ലഭിച്ചു.
ദേശീയപാതയിൽ ഫ്‌ളൈ ഓവർ ബ്രിഡ്ജ് പണിയുന്നതുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ പ്രതിപക്ഷ കൗൺസിലറെ ഉൾപ്പെടുത്തിയില്ലെന്ന പ്രതിപക്ഷ കൗൺസിലർ പി.കെ അൻവറിന്റെ പരാതി വ്യക്തിപരമാണെന്ന് പറഞ്ഞ് മേയർ തള്ളിക്കളഞ്ഞു. മേലെചൊവ്വ അണ്ടർപാത്ത് നിർമ്മാണവുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ ഭരണ,പ്രതിപക്ഷ കൗൺസിലർമാരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. മാർട്ടിൻ ജോർജ്ജ്, സുരേഷ് ബാബു എളയാവൂർ, അഡ്വ. അൻവർ, ടി .രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു. പുതുതായി സുപ്രണ്ടിംഗ് എൻജിനീയറായി കെ.ബീന ചുമതലയേറ്റതായും മേയർ കൗൺസിലിനെ അറിയിച്ചു.
മേയറെ ആക്ഷേപിച്ചെന്ന് ഭരണപക്ഷം
ഫ്‌ളൈ ഓവർ ബ്രിഡ്ജ് പണിയുന്നതുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ വിഷയം ചർച്ച ചെയ്യുന്നതിനിടയിൽ പ്രതിപക്ഷ കൗൺസിലർ അഡ്വ.പി.കെ അൻവറിന്റെ പരാമർശം ഭരണപക്ഷത്തെ ചൊടിപ്പിച്ചു. നിരവധി മികച്ച ആളുകൾ ഇരുന്ന കസേരയാണിതെന്നും ആ രീതിയിൽ മേയർ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നുമുള്ള അൻവറിന്റെ പ്രതികരണമാണ് യോഗം ബഹളത്തിലേക്കെത്തിച്ചത്. ഈ പരാമർശം മേയറെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് സുരേഷ്ബാബു എളയാവൂർ പ്രതികരിച്ചതോടെ മറ്റ് കൗൺസിലർമാരും പ്രശ്നം ഏറ്റു പിടിക്കുകയായിരുന്നു.