
പഴയങ്ങാടി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കിടയിൽ തരംഗമെന്നൊണം പ്രധാന വില്ലനാവുകയാണ് മാജിക്ക് മഷൂൺ . പഴയങ്ങാടി ടൗൺ,ബിവി റോഡ് കേന്ദ്രികരിച്ചുള്ള ഒഴിഞ്ഞ കെട്ടിടം, റെയിൽവേ സ്‌റ്റേഷന് സമീപമുള്ള കാറ്റാടി കൂട്ടങ്ങൾ,മാടായിപ്പാറ,മാട്ടൂൽ കടപ്പുറം, കടലോര മേഖലയായ പുതിയങ്ങാടി, ചൂടാട് തുടങ്ങിയ കേന്ദ്രങ്ങളിലാണ് വ്യാപകമായി ഇത്തരം ലഹരി വസ്തുക്കൾ വിൽക്കപെടുന്നത്.
മറ്റ് ലഹരി വസ്തുക്കളെ പോലെ യുവാക്കളും, വിദ്യാർത്ഥികളുമാണ് മാജിക് കൂണിന് പിന്നാലെ വച്ചുപിടിച്ചിരിക്കുന്നത്. ഊട്ടി,കൊടൈ ക്കനാൽ എന്നിവിടങ്ങളിൽ നിന്നാണ് ഇവ ഇവിടെ എത്തിച്ചേരുന്നത്. കഞ്ചാവടക്കമുള്ള മറ്റ് ഉത്പന്നങ്ങളെക്കാളും കൂടിയ ലഹരി ലഭിക്കുമെന്നതാണ് മാജിക് കൂണിനെ പ്രിയപ്പെട്ടതാക്കുന്നത്.ഒന്നിന് 700 മുതൽ 1000 രൂപ വരെയാണ് വില.
സമീപകാലത്തായി പഴയങ്ങാടി മേഖലകളിൽ എക്സൈസ്,പൊലിസ് സംഘത്തിന്റെ നിരിക്ഷണത്തിൽ കഞ്ചാവ് ,മയക്കുമരുന്ന്, ഹാഷിഷ്, നിരോധിത ഗുളികകൾ എന്നിവ പിടികൂടിയ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.എന്നാൽ അളവുമായി ബന്ധപ്പെട്ടുള്ള പഴുതുകൾ പ്രതികൾക്ക് പുറത്തിറങ്ങി വീണ്ടും കച്ചവടത്തിലേർപ്പെടാനുള്ള അവസരമുണ്ടാക്കുകയാണ്.
തേനൂറും ലഹരി
ഉന്മാദാവസ്ഥ സൃഷ്ടിക്കുന്ന 'സൈലോസൈബ് ' വിഭാഗത്തിൽപ്പെടുന്ന തീരെ ചെറിയ ഇനം കൂണാണ് മാജിക് മഷ്രൂം.
കൊടൈക്കനാലിനടുത്ത് മന്നമന്നൂരിലും മൂന്നാറിനടുത്ത് എല്ലപ്പെട്ടിയിലും ഇവ കണ്ടുവരുന്നു. കൂൺ പച്ചയ്ക്ക് കഴിക്കുകയും തേനിൽ മുക്കി കഴിക്കുകയുമാണ് പതിവ്. കൂൺ അകത്തു ചെന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ കടുത്ത ലഹരിയിലാകും. പിന്നെ കണ്ണ് തുറന്നാൽ മഴവിൽ നിറങ്ങളിലാകും ചുറ്റും കാണുന്നതെന്നാണ് അനുഭവസ്ഥരുടെ വാദം.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും തുറസായ സ്ഥലങ്ങളിൽ കുട്ടകളിലാക്കി സ്ത്രീകൾ നേരത്തേ വില്പന നടത്തിയിരുന്നു. കൂൺ വില്പനയായതിനാൽ പെട്ടെന്ന് സംശയം തോന്നാത്തതായിരുന്നു കാരണം. എന്നാൽ പൊലീസ് നിരീക്ഷിച്ച് തുടങ്ങിയതോടെ കച്ചവടം വളരെ ജാഗ്രതയോടെയാക്കി. ശൈത്യ മേഖലകളിലാണ് ഇവ വളരുക. കേന്ദ്ര നാഡീവ്യൂഹത്തെയാണ് ഈ ലഹരി കീഴടക്കുക. ഇത് ഉപയോഗിക്കുന്നതോടെ ഹൈപ്പർ ആക്ടീവായി മാറും. . 'ആത്മീയതയിലേക്കുള്ള വഴി' എന്നാണ് പാശ്ചാത്യ രാജ്യങ്ങളിൽ മാജിക് കൂൺ ഉപയോഗത്തിന്റെ വിശേഷണം. 10 മണിക്കൂർ ലഹരി ലഭിക്കുന്ന മയക്കുമരുന്നുമാണിത്.