തൃക്കരിപ്പൂർ: പുഴയിൽ പരിപാലിച്ചുവരുന്ന മത്സ്യക്കൂട് കൃഷിയിൽ നിന്നും മത്സ്യങ്ങൾ കളവുപോയ സംഭവത്തിൽ ചന്തേര പൊലീസ് അന്വേഷണമാരംഭിച്ചു. കവ്വായി കായലിലെ ഇടയിലെക്കാട് ബണ്ട് പരിസരത്ത് നിർമ്മിച്ച മത്സ്യകൂട് കൃഷിയിലാണ് മോഷ്ടാക്കളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവനും വാർഡ് മെമ്പറും സ്ഥലം സന്ദർശിച്ചു.
ഇടയിലക്കാട് സ്വദേശി കെ രഘുവിന്റെ മത്സ്യ കൃഷിയിൽ നിന്നുമാണ് പകുതിയോളം മത്സ്യങ്ങളെ രാത്രിയുടെ മറവിൽ കടത്തിക്കൊണ്ടു പോയത്. നാല് അറകളുള്ള കൂടിന്റെ മുകൾഭാഗത്തുള്ള നെറ്റ് മുറിച്ചു മാറ്റിയാണ് മോഷണം. കൊളോൻ, ചെമ്പല്ലി, കരിമീൻ, കട്ട്ല എന്നീ മത്സ്യങ്ങളെയാണ് രഘു കൃഷിചെയ്തിരുന്നത്. 50000 രൂപയുടെ മത്സ്യങ്ങൾ കളവ് പോയതായാണ് പ്രാഥമിക വിവരം.