makkoottam
യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയതിനെ തുടർന്ന് മാക്കൂട്ടത്ത് തടഞ്ഞുവെക്കപ്പെട്ട വാഹനങ്ങൾ

കണ്ണൂർ: .ഇന്നലെ മുതൽ ആർ.ടി.പി.സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മാക്കൂട്ടം ചുരമടച്ച കർണ്ണാടക സർക്കാരിന്റെ നടപടിക്കെതിരെ വൻ പ്രതിഷേധം.കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിനു കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെയാണ്

ബംഗ്ലുരുവിലും മൈസൂരുവിലും പഠിക്കുന്ന നിരവധി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരും തൊഴിലാളികളുമാണ് ദുരിതത്തിലായത്.

കുടക് ജില്ലയുമായി ഏകദേശം രണ്ട് ലക്ഷത്തിലധികം മലയാളികളാണ് ഇടപഴകുന്നത്.ഇവരിൽ പാതിപേരും ദിനംപ്രതി പോയിവരുന്നവരാണ്. കേരളത്തിലേക്ക് വരുന്ന നൂറുകണക്കിന് ചരക്കുവാഹന തൊഴിലാളികൾക്കും കർണാടകയുടെ നീക്കം കടുത്ത ദ്രോഹമായി. കേരളത്തിൽ കൊവിഡ് വ്യാപനമെന്നാണ് കർണാടകയുടെ വാദം. ആർ.ടി.പി.സി.ആർ പരിശോധന ഫലം ലഭിക്കാൻ രണ്ട് മൂന്ന് ദിവസം വേണമെന്നതിനാൽ അത്യാവശ്യ യാത്ര മുടങ്ങാതിരിക്കാൻ ചൊവ്വാഴ്ച്ചവരെ ഇളവ് അനുവദിച്ചിരുന്നു.എന്നാൽ ഇന്നലെ മുതൽ ആർ.ടി.പി.സി.ആർ ഇല്ലാതെ ആരേയും കടത്തിവിടാത്ത സ്ഥിതിയാണ്.

പൊതുഗതാഗതം പാടെ നിലച്ചു

അതിർത്തിയിൽ പരിശോധന ശക്തമാക്കിയതോടെ കർണാടകത്തിലേക്കുള്ള പൊതുഗതാഗതം പൂർണമായി നിലച്ചു. മാക്കൂട്ടം ചെക്ക് പോസ്റ്റിനപ്പുറം കേരള തീരത്ത് താമസിക്കുന്ന മലയാളി കൂടുംബങ്ങളും ദുരിതത്തിലായി.കാലിത്തീറ്റ ഇറക്കാൻ വന്ന വാഹനവും പാചക വിതരണ വാഹനവും തടഞ്ഞതിനെ തുടർന്ന് തലച്ചുമടായാണ് ഇവ അതിർത്തുന്നത്. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് ടാക്‌സി വാഹനങ്ങളിൽ വരുന്നവരും ദുരിതത്തിലാണ്. ഇവരെ കേരളത്തിലേക്ക് കൊണ്ടുവരുന്ന‌ ഡ്രൈവർമാരെ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മടങ്ങുമ്പോൾ ചെക്ക് പോസ്റ്റിനപ്പുറം ഇറക്കി വിടുകയാണ്.

കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർണാടക അതിർത്തികളിൽ തടയുന്നതൊഴിവാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നെങ്കിലും നടപടിയായില്ല.ഇടപെടലാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അഡ്വ.എ.സുബ്ബയ്യറൈ നൽകിയ ഹരജി ബംഗളൂരു ഹൈക്കോടതി മാറ്റിവച്ചിരിക്കുകയാണ്.

മൂന്നാം ദിനമായ ഇന്നലെയും മാക്കൂട്ടം അതിർത്തിയിൽ എത്തി കുടുങ്ങിയ യാത്രക്കാർ അധികൃതരുമായി തർക്കിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.