തലശേരി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡെലിഗേറ്റ് സെല്ലിൽ നിന്ന് തമിഴ് പേച്ച് കേട്ടാൽ അമ്പരക്കരുത്. മലയാളമേള തന്നെയാണ്. തമിഴ് നാട്ടുകാരികളായ സഹോദരിമാർ വിഷ്ണുപ്രിയയും അഖിലയും കേരളത്തിന്റെ മേളയ്ക്ക് എത്തുന്നവരുടെ സംശയങ്ങൾ തീർക്കുകയാണ്.
തിരുച്ചി സ്വദേശികളായ ഇവർ മൂന്ന് വർഷം മുമ്പാണ് കേരളത്തിൽ എത്തിയത്. തലശ്ശേരി കതിരൂരിൽ വാടക വീട്ടിൽ താമസിക്കുന്ന ഇവർ വളരെ യാദൃച്ഛികമായാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമാകുന്നത്.
ഇവരെ മലയാളം പഠിപ്പിക്കുന്ന സജിത്ത് നാലാം മൈൽ ആണ് വോളന്റയർ ആയി അപേക്ഷിക്കാൻ പറഞ്ഞത്. എന്നാൽ പിന്നീട് അവർക്ക് പരിശീലനം നൽകി ഡെലിഗേറ്റ് പാസ് വിതരണത്തിനു നിയോഗിക്കുകയായിരുന്നു.പ്ലംബർ ജോലി ചെയ്യുന്ന അച്ഛൻ കുമാറും അമ്മ ലക്ഷ്മിയും കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി കേരളത്തിലാണെങ്കിലും മക്കൾ രണ്ടു പേരെയും സ്വന്തം നാടായ തിരുച്ചിയിലാണ് വളർത്തിയതും പ്ലസ്ടുവരെ പഠിപ്പിച്ചതും.ഇപ്പോൾ കൊച്ചിയിലാണ് ഇവരുടെ തുടർവിദ്യാഭ്യാസം. ഒരാൾ ഫാഷൻ ടെക്‌നോളജിയിലും മറ്റൊരാൾ ഐ .ടിയിലുമാണ് പഠനം നടത്തുന്നത്.