തലശ്ശേരി : എല്ലാ ജില്ലകളും ചലച്ചിത്ര മേളയ്ക്ക് വേദിയായാൽ മാത്രമെ അതു യത്ഥാർഥ പ്രേക്ഷകരിലെത്തുകയുള്ളൂവെന്ന് ചലച്ചിത്ര നിരൂപകനും സംവിധായകനുമായ പ്രേംചന്ദ് പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശ്ശേരി പതിപ്പിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് അദ്ദേഹം ഇത്തരമൊരാവശ്യം മുന്നോട്ടുവച്ചത്.
സാധാരണയായി നടക്കുന്ന പ്രാദേശിക ചലച്ചിത്രമേളകൾ എന്നതിൽ നിന്നുമാറി ഐ .എഫ് .എഫ് .കെ പോലെയുള്ള കേരളത്തിന്റെ ജനകീയമായ അന്താരാഷ്ട്ര ചലച്ചിത്രോത്സവം തന്നെ പ്രാദേശിക കാഴ്ച്ചക്കാരനിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലഘട്ടത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് കേരളത്തിൽ നാലിടങ്ങളിലായി മേള സംഘടിപ്പിക്കുന്ന സർക്കാരിന്റെ ശ്രമത്തെ ആശംസിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഒരു ആവശ്യമുന്നയിച്ചത്.