കൂത്തുപറമ്പ്: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മമ്പറം സമാന്തരപാലം ഉദ്ഘാടനത്തിനൊരുങ്ങി. വെള്ളിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിക്കും. നിലവിലുള്ള പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് കണ്ണൂർ -വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ മമ്പറം സമാന്തര പാലം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
എന്നാൽ സ്ഥലമേറ്റെടുക്കുന്നതിലെ കാലതാമസത്തെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് നീണ്ടുപോവുകയായിരുന്നു.പെരളശ്ശേരി- വേങ്ങാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് 287 മീറ്റർ നിളമുള്ള പാലത്തിന്റെ നിർമ്മാണം. അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് വേണ്ടി മക്രേരി വില്ലേജിൽ ഉൾപ്പെട്ട സ്ഥലം ആദ്യഘട്ടത്തിൽ തന്നെ വിട്ടുകിട്ടിയിരുന്നെങ്കിലും പാതിരിയാട് വില്ലേജിൽ ഉൾപ്പെട്ട സ്ഥലം വിട്ടുകിട്ടാനുണ്ടായ കാലതാമസമാണ് പ്രവൃത്തി നീണ്ടുപോകാൻ ഇടയാക്കിയത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച ശേഷം 2018ൽ ആണ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്.
ഇതിനിടയിൽ ലോക്ക് ഡൗണും, ഉൾനാടൻ ജലഗതാഗതത്തിന്റെ ഭാഗമായി പാലം ഉയരം കൂട്ടി നിർമ്മിക്കേണ്ടിവന്നതും പ്രവൃത്തി വൈകാൻ കാരണമായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് 12. 31 കോടി രൂപയിൽ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്തിട്ടുള്ളത്.
12 വർഷം മുൻപ് അപകടാവസ്ഥയിലായ പാലത്തിലൂടെയാണ് ഇപ്പോഴും ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ പാലത്തിലൂടെയുള്ള വാഹന ഗതാഗതം അധികൃതർ നിരോധിച്ചിരുന്നെങ്കിലും ബദൽ സംവിധാനങ്ങൾ പാളിയതോടെ ക്രമേണ പാലം ഭാഗികമായി തുറന്നുകൊടുക്കുകയായിരുന്നു. 2012 ൽ അന്നത്തെ യു.ഡി.എഫ് സർക്കാർ ഭരണാനുമതി നൽകി ശിലാസ്ഥാപനം നടത്തിയിരുന്നുവെങ്കിലും സ്ഥലമേറ്റെടുക്കലിൽ തട്ടി പ്രവൃത്തി ആരംഭിച്ചിരുന്നില്ല. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിടപെട്ടാണ് കുരുക്കുകളഴിച്ചത്.
പൊതുമരാമത്ത് വകുപ്പ് കണ്ണൂർ (പാലംവിഭാഗം) മേൽനോട്ടത്തിലാണ് നിർമ്മാണം
മമ്പറം ടൗണിലെ ഗതാഗതക്കുരുക്കിനും ഒരു പിരിധി വരെ പരിഹാരമാവും