thalappadi

കാസർകോട്: അതിർത്തിയ്ക്കിപ്പുറം പ്രതിഷേധം ശക്തമായതോടെ തലപ്പാടിയിൽ കൊവിഡില്ലെന്ന് തെളിയിക്കുന്ന ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവിൽ അയവ്. രണ്ടുദിവസമായി നൽകിയ ഇളവ് ഇന്നലെയും തുടർന്നതിനാൽ അതിർത്തിയിൽ കാര്യമായ പരിശോധനയുണ്ടായില്ല.

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ശരീര ഊഷ്മാവ് അളന്നുള്ല സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രം മതിയെന്നുമാണ് ഇന്നലെ മംഗളൂരുവിൽ എത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കർണ്ണാടകയുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. അതിനിടെ കർണ്ണാടകയുടെ നടപടിക്കെതിരെ കെ പി സി സി നിർവാഹകസമിതി അംഗം അഡ്വ. സുബ്ബയ്യ റായ് ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹരജി മാർച്ച് അഞ്ചിലേക്ക് മാറ്റിവെച്ചു. കർണ്ണാടക സർക്കാർ റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിനാലാണ് ഹരജി മാറ്റിയത്.

മലയാളികളെ മാത്രം സങ്കുചിതമായി തടയരുതെന്നും ഭരണഘടനയിലെ പൗരാവകാശങ്ങൾ മാനിക്കണമെന്നും കാട്ടി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്.