pukayila

കാസർകോട്: രണ്ടു പതിറ്റാണ്ടുകൾക്കപ്പുറം ഇല്ലാതായ പുകയില പാടങ്ങൾ കാസർകോട് ജില്ലയിൽ വീണ്ടും തളിരിടുന്നു. പൊടിച്ചുണക്കി ബീഡിയും സിഗരറ്റും ചുരുട്ടും നിർമ്മിച്ച് ലഹരി നിറയ്ക്കുന്നതിന് പകരം മുറുക്കുന്നതിന് ഉപയോഗിക്കുന്ന ഔഷധഗുണമുള്ള പുകയിലയാണ് പള്ളിക്കരയിൽ പുതുതായി കൃഷി ചെയ്യുന്നത്.

കിലോയ്ക്ക് 1500 രൂപ വിലകിട്ടുന്ന ഈ പുകയിലയ്ക്ക് കർണാടകയിലാണ് വിപണി. മംഗളൂരു, പുത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കച്ചവടക്കാരെത്തി കൊണ്ടുപോകും. കേരളത്തിൽ പുകയില കൃഷി നടത്തിയിരുന്ന ഏക ജില്ലയായിരുന്നു ഒരുകാലത്ത് കാസർകോട്. പള്ളിക്കരയിലെ തീരദേശ മേഖലയിലായിരുന്നു ഏറ്റവും കൂടുതൽ കൃഷി നടത്തിയിരുന്നത്. ചേറ്റുകുണ്ട് കടപ്പുറം മുതൽ ബേക്കൽ ബീച്ച് വരെ 40 ഏക്കറോളം സ്ഥലത്ത് കൃഷി വ്യാപിച്ചിരുന്നു.

എന്നാൽ, പുകയില ഉപയോഗം കാൻസറിനും ഹൃദ്രോഗത്തിനും കാരണമാകുമെന്ന് തൊണ്ണൂറുകളിൽ സർക്കാർ വ്യാപക ബോധവത്കരണം നടത്തുകയും കൃഷിക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. ബേക്കൽ പദ്ധതിക്ക് വേണ്ടി തീരപ്രദേശം ഏറ്റെടുക്കുകയും ചെയ്തതോടെ കർഷകർ കൃഷി ഉപേക്ഷിച്ചു.

വേലായുധൻ, പാർവതി, സദൻ, ഭാസ്ക്കരൻ, ബാബു, കോരൻ തുടങ്ങി നിരവധി കർഷകർ ഏക്കർ കണക്കിന് സ്ഥലത്ത് ഇപ്പോൾ പുകയില നട്ടുവളർത്തുകയാണ്. കോട്ടപ്പാറയിലെ വേലായുധനും സഹോദരി പാർവതിയും 5000 തൈകൾ നട്ടിട്ടുണ്ട്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കൃഷിസമയം. നല്ല ചൂടുള്ള കാലാവസ്ഥ ഉത്തമം. മഴ വന്നാൽ എല്ലാം നശിക്കും. രാപ്പകൽ അദ്ധ്വാനിക്കണം. കൂടുതൽ തൊഴിലാളികൾ വേണം. പുലർച്ചെ മൂന്ന് മണിക്ക് പാടത്തെത്തി വെള്ളം നനയ്ക്കണം. ചെടികളുടെ ഇലകൾ കൊയ്ത് പന്തലിൽ തൂക്കിയിടും. അട്ടിക്കിട്ട് ചിക്കിയെടുത്ത് ഉണക്കിയ ശേഷം പിണ്ടികെട്ടി വിപണിയിൽ എത്തിക്കും.

ഔഷധ ഗുണം

ദഹനക്കുറവ്, വയറുപെരുക്കം, അരുചി എന്നിവ ശമിപ്പിക്കാൻ ഔഷധകൂട്ടിൽ പുകയില ചേർത്ത് നൽകാറുണ്ട്. വിഷപദാർത്ഥങ്ങൾ ഉള്ളിൽ ചെന്നാൽ ഛർദ്ദിച്ചു കളയാനും പുകയില നീര് ഉപയോഗിക്കാറുണ്ട്. ആയുർവേദത്തിലും, ഹോമിയോപതിയിലും മരുന്നായും ഉപയോഗിക്കുന്നു.

പള്ളിക്കരയിൽ കൃഷി ചെയ്യുന്നത് മുറുക്കാൻ ഉപയോഗിക്കുന്ന നല്ലയിനം പുകയിലയാണ്. ഇത് അപകടകാരിയല്ല. മുമ്പ് ഉണ്ടായിരുന്നത് പൊടിച്ചു ഉപയോഗിക്കുന്ന ലഹരിവസ്തുവാണ്. കഠിനാദ്ധ്വാനം ചെയ്താൽ ആദായം കിട്ടും. പണിക്ക് ആളെ കിട്ടാത്തത് പ്രതിസന്ധിയാണ്.

വേലായുധൻ ,

പുകയില കർഷകൻ, പള്ളിക്കര