iffk

തലശേരി: കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ ജീവിതസത്യങ്ങൾ സമൂഹത്തിന് നേരെ തുറന്നു കാട്ടുന്നതായി

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മൂന്നാം ദിനം . കുട്ടികളുടെ നിഷ്‌കളങ്ക ചിന്തയിലൂടെ മുന്നേറുന്ന മറാഠി ചിത്രം 'സ്ഥൽപുരാൺ' , മലയാള ചിത്രം 'ഹാസ്യം' ഈ രണ്ട് ചിത്രങ്ങളുമാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനെത്തിയ ആസ്വാദകരിൽ സജീവ ചർച്ചയായത്.

സംവിധായകൻ ജയരാജിന്റെ 'ഹാസ്യം' ഷാംഗ്ഹായ് ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണ്. പനോരമ വിഭാഗത്തിലാണ് ചിത്രത്തിന്റെ പ്രദർശനം. ഹാസ്യത്തിലെ ഓരോ ഫ്രെയിമും വലിയ ജീവിത സത്യങ്ങളാണ് വിളിച്ചു പറയുന്നത്. ചിത്രത്തിലെ ട്രെയിൻ, അതു കടന്നുപോകുന്ന തുരങ്കം, സിഗ്നൽ ലൈറ്റുകൾ എല്ലാം ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലങ്ങളിലെ മിന്നാമിനുങ്ങുകളായി മാറുന്നു.

ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ജയരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ജപ്പാനെ ഹരിശ്രീ അശോകൻ ആണ് അവതരിപ്പിക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ശവശരീരം എത്തിക്കുന്ന ജോലിയാണ് ജപ്പാൻ ചെയ്യുന്നത്.അച്ഛന്റെ മരണത്തിലും പണം കണ്ടെത്താൻ കാത്തിരിക്കുന്ന ജപ്പാൻ എന്ന കഥാപാത്രം ഹരിശ്രീ അശോകന്റെ അഭിനയ ജീവിതത്തിലെ വേറിട്ടു നിൽക്കുന്നതാണ്. മൃതദേഹ ഏജന്റിന്റെ ജീവിതം ഒരു പക്ഷേ മലയാള സിനിമയ്ക്ക് അത്രയൊന്നും പരിചയമുള്ള വിഷയവുമല്ല. സ്വന്തം അച്ഛന്റെ മരണവും പണമുണ്ടാക്കാനുള്ള വഴിയായി കാണുകയാണ് അയാൾ.

ഒടുവിൽ അനിവാര്യമായ വിധി ജപ്പാനെയും വന്ന് പിടികൂടുന്ന വേളയിൽ ചിത്രത്തിലെ ഫ്രെയിം ഒരു ചെരുപ്പിലേക്ക് ചുരുങ്ങുകയാണ്. ഒരു ജോഡിയല്ല, ഒരു ചെരുപ്പ് മാത്രം അവിടെ അവശേഷിക്കുന്നു. ശരീരഘടനയിലും അഭിനയരീതിയിലും വ്യത്യസ്തനായ ഹരിശ്രീ അശോകനെയാണ് ജപ്പാനിൽ കാണാൻ കഴിയുക. ഈ ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിച്ച വിനോദ് ഇല്ലപ്പിള്ളിയുടെ ഫ്രെയിമുകൾക്ക് ജീവിതത്തിന്റെ ഗന്ധമുണ്ട്.സംവിധായകൻ ജയരാജും ചിത്രത്തിലെ പ്രധാന കഥാപാത്രം ഹരിശ്രീ അശോകനും ഹാസ്യം കാണാനെത്തിയതും കാണികൾക്ക് ആവേശമായി.

എട്ടു വയസുകാരൻ ദിഘുവിന്റെ ഓർമ്മകളിൽ മാത്രമാണ് അച്ഛൻ എത്തുന്നത്. പൂനെയിൽ നിന്നും കൊങ്കൺ തീരത്തെ ഗ്രാമത്തിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരിക്കുമൊപ്പം കഴിയുന്ന ദിഘു മഴയിലും വെയിലിലും അച്ഛനെ കാണുന്നു. മറാഠി സംവിധായകൻ അക്ഷയ് ഇന്ദികാർ ഒരു ബാലന്റെ മനസിലൂടെ അവന്റെ എഴുത്തുകളിലൂടെ ഇടത്തരം കുടുംബത്തിന്റെ മനോവേദനകൾ കൂടി 'സ്ഥൽപുരാണി'ൽ പ്രേക്ഷകരുമായി പങ്കുവച്ചു.