
തലശ്ശേരി:ഫോക് ലോർ അക്കാഡമിയുുടെ മാപ്പിളകലാ യുവപ്രതിഭ പുരസ്കാരം സിമ്യ ഹംദാനിലെത്തുമ്പോൾ മലബാറിന്റെ മാപ്പിളപ്പാട്ട് വഴികളിൽ നിർണായക സ്വാധീനമുള്ള ഒാലിയത്ത് വാഴയിൽ കുടുംബം ഒരിക്കൽ കൂടി അംഗീകാരനിറവിൽ. തലശ്ശേരി മുൻ നഗരസഭാദ്ധ്യക്ഷനും വിഖ്യാത രചയിതാവുമായ ഒ.വി.അബ്ദുള്ള തൊട്ട് ഇളമുറക്കാരിയായ സിമ്യാ ഹംദാൻ വരെയായി മാപ്പിളപ്പാട്ടിൽ അത്രമേൽ അലിഞ്ഞുചേർന്നതാണ് ഈ കുടുംബം.
ഉമ്മയിൽ നിന്നും ഉമ്മാമ്മമാരിൽ നിന്നും കേട്ട് വളർന്ന സിമ്യക്കു മാപ്പിള പാട്ടിലെ കമ്പം കുഞ്ഞുനാളിലെ തുടങ്ങിയതാണ് . കുടുംബ വേദികളിലും സ്‌കൂളിലും തുടങ്ങിയ സംഗീത ജീവിതം പ്രധാന ചാനലുകളിലെ ജനകീയ റിയാലിറ്റി ഷോകളിലേക്ക് സിമ്യയെ ഏത്തിച്ചു.ഒ.വി. അബ്ദുള്ളയിൽ നിന്ന് കിട്ടിയ ബാല പാഠങ്ങൾ തന്റെ സംഗീതജീവിതത്തിൽ നിർണായകമായതായി ഇവർ പറയുന്നു.
ഗായകനുംസംഗീത സംവിധായകനുമായ ഹംദാൻ ഹംസ സിമ്യയെ ജീവിത സഖിയാക്കിയതും സംഗീതവഴിയൂടെ തന്നെ. ഇരുവരും ചേർന്ന് യു ട്യൂബിൽ തുടങ്ങിയ മ്യൂസിക് ചാനൽ വൈറലാണ് .
ഒ.വി. തറവാട് വളപ്പിൽ കുട്ടികളെ സംഗീതം പഠിപ്പിച്ചിരുന്ന ഖാലിദാണ് സിമ്യയുടെ ആദ്യഗുരു. സ്‌കൂൾ കാലഘട്ടത്തിൽ വെള്ളയിൽ അബൂബക്കറിൽ നിന്നും സംഗീതപാഠങ്ങൾ അഭ്യസിച്ചു. പ്രശസ്ത സംഗീത സംവിധായകൻ കെ രാഘവൻ മാഷിന്റെ ശിഷ്യനായ ദിലീപ് കുമാറിൽ നിന്നുള്ള പഠനവും നിർണായകമായി.
ചെമ്പൈ മ്യൂസിക് കോളേജിൽ സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ സിമ്യ ഉസ്താത് ഫയാസ് ഖാൻ, വിജയ് സുരസൈൻ എന്നിവരുടെ ശിക്ഷണത്തിൽ ഹിന്ദുസ്ഥാനിയും അഭ്യസിച്ചു.
ഖത്തറിൽ ഇന്ത്യൻ ഐഡിയൽ സ്‌കൂളിൽ സംഗീത അദ്ധ്യാപികയായി രണ്ടു വർഷം സേവനം അനുഷ്ടിച്ച സിമ്യാ ഖത്തർ മലയാളികളുടെ ഇഷ്ട ഗായിക കൂടിയാണ്. പ്രശസ്ത ഒപ്പന പരിശീലകൻ നാസ്സർ പർശനിയുടെ ഒപ്പനപ്പാട്ടുകൾക്ക് സംഗീതം പകർന്നതും സിമ്യയുടെ നേട്ടത്തിൽ നിർണായകമായി.
ടി.സി.എ. മൊയ്തുവും ഒ.വി. ശൈല ദമ്പതികളുടെ മകളായ സിമ്യ തലശേരി ചേറ്റം കുന്നിൽ ഗസൽ എന്ന വീട്ടിലാണ് താമസം . ഏക മകൻ ദിയാൻ ഹാഷ്മിയും സംഗീതവഴിയിൽ തന്നെയാണ്.