പയ്യന്നൂർ: അനുദിനം വളർന്ന് വ്യാപിക്കുന്ന വഴിയോര വാണിഭത്തിനെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂരിലെ വ്യാപാരികൾ സമരത്തിലേക്ക്.
മാർച്ച് 5 ന് രാവിലെ 10ന് നഗരസഭ ഓഫീസിനു മുമ്പിൽ നടക്കുന്ന പ്രതിഷേധസമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യാ മേച്ചേരി ഉദ്ഘാടനം ചെയ്യുമെന്ന് വ്യാപാരി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വഴിയോരവാണിഭം ഒരു പരിധി വരെ എല്ലാ സ്ഥലത്തും ഉള്ളതാണെങ്കിലും പയ്യന്നൂരിൽ ഇവരുടെ തള്ളിക്കയറ്റം കാരണം, വ്യവസ്ഥാപിത നിലയിൽ നികുതികളും കെട്ടിടവാടകയും തൊഴിലാളികളെയും മറ്റും നിയമിച്ച് വ്യാപാരം ചെയ്യുവാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. ഒരുതരത്തിലുള്ള നികുതിയും, സുരക്ഷിതത്വവും നൽകാതെ നിലവാരം കുറഞ്ഞ ഉത്പ്പന്നങ്ങൾ വിൽപ്പനയ്ക്കെത്തിച്ച് വൻകിടക്കാരന്റെ കീഴിൽ കമ്മീഷനോ ശമ്പളമോ നൽകി വൻലാഭം കൊയ്യുന്ന വൻകിട വ്യാപാര ശൃംഖലയായി വഴിയോര വാണിഭം മാറിയിരിക്കുകയാണ്. ഈ സ്ഥിതി ഇനിയും തുടർന്നാൽ വർഷങ്ങളായി വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് പയ്യന്നൂർ ചേമ്പറും ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷനും മറ്റും ഒത്തുചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരരംഗത്തുറങ്ങുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.പി. ബാലകൃഷ്ണ പൊതുവാൾ, കൺവീനർ കെ.യു. വിജയകുമാർ, എം.പി. തിലകൻ, വി. നന്ദകുമാർ, കെ. ഖലീൽ, സെയ്ദ്, പി. രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു.