iffk

തലശേരി :അരവിന്ദന്റെ സിനിമകൾ രാഷ്ട്രീയ സിനിമകൾ ആയിരുന്നില്ലെന്നും അതേസമയം, അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടായിരുന്നുവെന്നും പ്രമുഖ ഇന്തോഅമേരിക്കൻ ചലച്ചിത്ര സംവിധായിക മീര നായർ പറഞ്ഞു. ചലച്ചിത്ര മേളയോടനുബന്ധിച്ച് ലിബർട്ടി മിനി പാരഡൈസിൽ ഓൺലൈനായി നടന്ന അരവിന്ദൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കൃത്യമായ കാഴ്ചപ്പാടോടെയാണ് അരവിന്ദൻ സിനിമകൾ ചെയ്തത്. അത് തന്നെ വളരെധികം സ്വാധീനിച്ചിട്ടുണ്ട്. അരവിന്ദന്റെ തമ്പ്, ഒരിടത്ത് തുടങ്ങിയ സിനിമകൾ തന്റെ ചിത്രമായ സലാം ബോംബെയുമായി ആശയപരമായി വളരെ അടുത്തു നിൽക്കുന്നതായി അനുഭവപ്പെട്ടുവെന്നും മീരാ നായർ പറഞ്ഞു. ഇന്ത്യ സ്വതന്ത്രമായത് എന്ത് ആശയവും ലക്ഷ്യവും മുന്നിൽ കണ്ടാണോ അത് ഇന്നത്തെ കാലത്ത് നഷ്ടപ്പെട്ടെന്നു പറഞ്ഞ അവർ തന്റെ പുതിയ ചിത്രമായ ''സ്യൂട്ടബിൾ ബോയ്'' പുതിയ തലമുറയ്ക്ക് നഷ്ടമായ ആ ദിശാബോധം മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പറഞ്ഞു.