
പയ്യന്നൂർ: വടക്കെ മലബാറിലെ പാണ്ഡിത്യസദസായി നൂറ്റാണ്ടുകളായി തുടരുകയും സാമാന്യ ജനതക്ക് അറിവും ആനന്ദവും പകർന്ന് നൽകുകയും ചെയ്യുന്ന മറത്തുകളിയെ സമകാലികമാക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം. സംസ്കൃത കാവ്യജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള വാക്യാർത്ഥസദസിനെ കൂടുതൽ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ മലയാള സാഹിത്യത്തെ ഉപയോഗിക്കാനാണ് പയ്യന്നൂർ തെക്കെ മമ്പലത്തെ ടി.ഗോവിന്ദൻ സെന്ററിന്റെ അഭിമുഖ്യത്തിൽ ഒരുങ്ങുന്നത്. കവി പ്രഭാവർമ്മയുടെ ശ്യാമമാധവത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മറുത്തുകളി.
ശ്യാമമാധവം കാവ്യത്തിന്റെ മറത്തുകളി ആവിഷ്കാരം 28ന് ഉച്ചക്ക് 2.30 ന് പയ്യന്നൂർ ഷേണായി സ്ക്വയറിലാണ് അരങ്ങേറുന്നത്. എം.രാജീവൻ പണിക്കരും പി.ടി.മോഹനൻ പണിക്കരുമായിരിക്കും കാവ്യജ്ഞാന സംവാദത്തിൽ മാറ്റുരക്കുന്നത്. ഡോ.കെ.എച്ച്.സുബ്രഹ്മണ്യൻ, ഡോ.അനിൽ ചേലേമ്പ്ര, പി.പി.മാധവൻ പണിക്കർ എന്നിവർ അദ്ധ്യക്ഷ വേദിയിൽ നിന്ന് മറുത്തുകളി നിയന്ത്രിക്കും.പരമ്പരാഗത കളിക്രമങ്ങളെ കൈവിടാതെ തന്നെ സമകാല മലയാളസാഹിത്യത്തെക്കുടി പ്രയോജപ്പെടുത്തുകയെന്ന ദൗത്യമാണ് സംഘാടകർ ഏറ്റെടുക്കുന്നത്. തുടർന്ന് ഒ.എൻ.വിയുടെ ഉജ്ജയിനി, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി തുടങ്ങിയ കാവ്യങ്ങളെയും അരങ്ങിലെത്തിക്കാൻ പദ്ധതിയുണ്ട് .
ടി.ഐ.മധുസൂദനന്റെ അദ്ധ്യക്ഷതയിൽ മുൻ എം.പി. പി.കരുണാകരൻ ഉദ്ഘാടനം ചെയ്യും. കവി പ്രഭാവർമ്മ മുഖ്യാതിഥിയായി പങ്കെടുക്കും. അനിൽ ചേലേമ്പ മുഖ്യ പ്രഭാഷണം നടത്തും . തുടർന്ന് മറത്തുകളി അരങ്ങേറും. 5.30 ന് സമാപന സമ്മേളനം സി. കൃഷ്ണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനചടങ്ങിൽ സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച പി.അപ്പുക്കുട്ടനെ ചടങ്ങിൽ ആദരിക്കും.
വാർത്താ സമ്മേളനത്തിൽ എം.പ്രസാദ്, കെ.വി.മോഹനൻ, പി.കെ.സുരേഷ് കുമാർ, കെ.യു.രാധാകൃഷ്ണൻ ,കെ.കമലാക്ഷൻ, പിലാക്കാൽ അശോകൻ, എൻ.കൃഷ്ണൻ, ടി.ടി.വി വിജേഷ് എന്നിവർ പങ്കെടുത്തു.