
കാസർകോട് : ഭെൽ ഇ എം.എൽ ഓഹരി കൈമാറ്റം സംബന്ധിച്ച വിധി നാലാഴ്ചക്കകം നടപ്പാക്കണമെന്ന് ഹൈക്കോടതി. ഓഹരി കൈമാറ്റത്തിനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടിക്രമങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ ഒക്ടോബർ 13 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധി നടപ്പാക്കാത്ത സാഹചര്യത്തിൽ ഹരജിക്കാരനും ഭെൽ ഇ എം എൽ ജീവനക്കാരനുമായ കെ.പി.മുഹമ്മദ് അഷ്റഫ് അഡ്വ.പി.ഇ.സജൽ മുഖേന നൽകിയ കോടതി അലക്ഷ്യ ഹരജിയിലാണ് നാലാഴ്ചക്കകം വിധി നടപ്പിലാക്കി സത്യവാങ്ങ്മൂലം നൽകാൻ ഇടക്കാല ഉത്തരവിലൂടെ കേന്ദ്ര ഘന വ്യവസായ സെക്രട്ടറിയോട് ഹൈകോടതി നിർദ്ദേശിച്ചത്.
ഹരജി മാർച്ച് 22 ന് വീണ്ടും പരിഗണിക്കും. കോടതി അലക്ഷ്യ നടപടിക്കിടെ കേന്ദ്ര സർക്കാർ നൽകിയ പുനപരിശോധന ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
45 ദിനം പിന്നിട്ട് സത്യാഗ്രഹം
അതിനിടെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഭെൽ ഇ .എം .എൽ ജീവനക്കാർ നടത്തിവരുന്ന സത്യാഗ്രഹ സമരം 46-ാം ദിവസത്തിലേക്ക് കടന്നു . കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയാണ് അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തി വരുന്നത്. 45-ാം ദിന സമരപരിപാടികൾ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു. പ്രദീപൻ പനയൻ അദ്ധ്യക്ഷത വഹിച്ചു.കെ. ജി., സാബു സ്വാഗതം പറഞ്ഞു. എസ്. ടി. യു ജില്ലാ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, എ വാസുദേവൻ, അനിൽ പണിക്കൻ, സി.അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.