തലശേരി: കൂടുതൽ സ്ത്രീകൾ കഥ പറയാൻ രംഗത്തുവരുന്നത് സിനിമ മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് ഫിലിം എഡിറ്റർ ബീനാപോൾ പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.പുരുഷമേധാവിത്വം നിലനിൽക്കുന്ന സമൂഹത്തിൽ പുരുഷൻ പറയുന്ന കഥ സ്ത്രീകൾക്ക് വേണ്ടിയുള്ളതാവില്ല. സിനിമ മാറ്റത്തിന്റെ വഴിയിലാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലുള്ള സിനിമകൾ അതിനു തെളിവാണ്. സിനിമ എല്ലാവരും അംഗീകരിച്ചതാണ്. എന്നാൽ പുരുഷൻ പറഞ്ഞത് കൊണ്ടാണ് ആ ചിത്രത്തിന് കൂടുതൽ സ്വീകാര്യത എന്ന് തോണിയുണ്ടെന്നും ബീന പോൾ പറഞ്ഞു.
എല്ലാ മേഖലകളിലും സ്ത്രീകൾ കൂടുതലായി കടന്നു വരുന്നുണ്ട്. എന്നാൽ ആ മാറ്റം സിനിമയിൽ കാണാനാവുന്നില്ല. പ്രത്യേകിച്ച് സാങ്കേതിക മേഖലയിൽ. കൂടുതൽ സ്ത്രീകൾ സിനിമയുടെ ഭാഗമാവണം. സിനിമയിലെ വനിതകളുടെ തൊഴിൽ നീതി ഉറപ്പ് വരുത്താനും കൂടുതൽ വനിതകളെ ഈ മേഖലയിലേയ്ക്ക് കൊണ്ടുവരാനും ഡബ്‌ള്യു സി സി പല പദ്ധതികളും നടപ്പാക്കുന്നുണ്ടെന്ന് ബീന പറഞ്ഞു. ഡബ്‌ള്യു സി. സി. സിനിമയിലെ സ്ത്രീകളുടെ അന്തസ് ഉയർത്തി. ഇന്നും സിനിമയിൽ പുരുഷ മേൽക്കോയ്മ നിലനിൽക്കുണ്ടെന്നും അവർ പറഞ്ഞു.
വർഷങ്ങളായി ചലച്ചിത്ര മേളയിൽ ഉണ്ട്. ഓരോ മേളയും പുതിയ അനുഭവങ്ങളും പാഠങ്ങളും സമ്മാനിക്കുന്നുണ്ട്. സിനിമയോടുള്ള ആളുകളുടെ താല്പര്യമാണ് ഓരോ ചലച്ചിത്ര മേളയിൽ കാണാനായത്. കൊവിഡ് കാരണം മാസങ്ങളായി വീടുകളിൽ തന്നെ കഴിഞ്ഞു കൂടിയവർക്ക് മേള ഒരു അനുഭവമായെന്നും ബീന പോൾ അഭിപ്രായപ്പെട്ടു.