watsapp

കാസർകോട്: ഒന്നോ രണ്ടോ രക്തസാക്ഷികൾ ഉണ്ടായിരുന്നെങ്കിൽ ഭരണം ലഭിക്കാൻ എളുപ്പമാകുമെന്ന കെ.എം.സി.സി. നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വിവാദമായി. ഇടതുപക്ഷ പ്രവർത്തകർ ഇത് ഏറ്റു പിടിച്ചതോടെ നവമാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാണ്. അശ്‌റഫ് പൂച്ചക്കാടിന്റെ എഫ്.ബി. പോസ്റ്റിലാണ് വിവാദ പരാമർശം. സജീവ ലീഗ് പ്രവർത്തകനും കെ.എം.സി.സി. അബുദാബി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റുമാണ് അശ്‌റഫ്. ലീഗിന്റെ പ്രമുഖ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പ്രൊഫൈലിലുണ്ട്.

രണ്ട് യൂത്ത് കോൺഗ്രസുകാർ പെരിയയിൽ കൊല്ലപ്പെട്ടത് മൂലം 19 ലോക്‌സഭ സീറ്റുകളിൽ വിജയിച്ച് കോൺഗ്രസിനെ രക്ഷിക്കാൻ സാധിച്ചെന്നും കുറിപ്പിൽ പറയുന്നു. വിമർശനം ശക്തമായതോടെ അശ്‌റഫിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതായി കെ.എം.സി.സി. അബുദാബി കാസർകോട് ജില്ലാ കമ്മറ്റി അറിയിച്ചു. കൊലപാതക രാഷ്ട്രീയത്തെ എതിർക്കുന്ന സമൂഹത്തിന് കളങ്കിതമാണ് പോസ്റ്റ്, ഇതിന് മുമ്പും സമാനമായ കമന്റുകൾ ഉണ്ടായിട്ടുണ്ട്, സംഘടനക്ക് ദോഷമാകുന്ന സാഹചര്യത്തിലും വിശദീകരണം തൃപ്തികരം അല്ലാത്തതിനാലും പ്രസിഡന്റ് സ്ഥാനത്ത് നീക്കുന്നതായി നേതാക്കളായ അസീസ് പെർമുദെ, ഹനീഫ് പടിഞ്ഞാർമൂല എന്നിവർ പറയുന്നു.

അതേസമയം താൻ വിമർശിച്ചത് കോൺഗ്രസിനെയും മുല്ലപ്പള്ളി രാമചന്ദ്രനെയുമാണെന്നും ആ ചർച്ചയിലെ ഒരു ഭാഗം അടർത്തി തന്റെ ഫോട്ടോ ചേർത്ത് തേജോവധം ചെയ്യുന്നുവെന്ന് അശ്‌റഫ് പൂച്ചക്കാട് പറഞ്ഞു. താൻ കെ.എം.സി.സിയുടെ പ്രവർത്തകനാണെങ്കിലും വിവാദങ്ങളുമായി സംഘടനയെ ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭരണകൂടത്തെ താൻ വിമർശിച്ചിട്ടില്ലെന്നും കൊവിഡ് കാലത്ത് സർക്കാർ നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്നും അഷ്‌റഫ് കൂട്ടിച്ചേർക്കുന്നു.

കാഞ്ഞങ്ങാട് അബ്ദുർറഹ്മാൻ ഔഫിന്റെ കൊലപാതകത്തിൽ പ്രതിരോധത്തിലായ മുസ്ലിം ലീഗിന് പുതിയ കുറിപ്പും തിരിച്ചടിയായി. ഔഫ് വധക്കേസിൽ യൂത്ത് ലീഗ് ഭാരവാഹികൾ ഉൾപ്പെട്ടത് ഇടതുപക്ഷം നിയമസഭാ തിരഞ്ഞെടുപ്പിൽ ആയുധമാക്കുകയാണ്. യു.ഡി.എഫ് ഉയർത്തുന്ന അക്രമ രാഷ്ട്രീയമെന്ന ആരോപണത്തെ നേരിടാൻ ഇടതുപക്ഷത്തിന് കരുത്ത് പകരുന്നതാണ് ഔഫിന്റെ കൊലപാതകവും ലീഗ് അനുഭാവിയുടെ ഫേസ്ബുക്ക് പോസ്റ്റും.

ഇതറിഞ്ഞ ലീഗ് നേതൃത്വം വിഷയത്തിൽ വേഗം ഇടപെട്ടിട്ടുണ്ട്. വിമർശനവുമായി ഇടതുപക്ഷ അനുഭാവമുള്ള കേരള പ്രവാസി സംഘവും രംഗത്തെത്തി. കെ.എം.സി.സി. നേതാവ് അശ്‌റഫിന്റെ കുറിപ്പിലൂടെ മനുഷ്യനെ കുരുതി കൊടുത്തു അധികാരം കൊയ്യുന്ന നയമാണോ സ്വീകരിക്കുന്നതെന്ന് ജനങ്ങളോട് തുറന്നു പറയാൻ സംഘടന തയ്യാറാവണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. അബ്ദുല്ല ആവശ്യപ്പെട്ടു.