കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ

കോഴിക്കോട്: വഴിയോര കച്ചവടത്തെ ചൊല്ലി വ്യാപാരികളും തെരുവ് കച്ചവടക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായി. കഴിഞ്ഞദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ തെരുവ് കച്ചവടക്കാരുടെ സാമഗ്രികൾ നീക്കം ചെയ്യാൻ ശ്രമിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സർക്കാറിന്റെയും കോർപ്പറേഷന്റെയും അനുമതിയോടെ നടത്തുന്ന കച്ചവടം ഒഴിപ്പിക്കാൻ ശ്രമിച്ച നടപടിയെ കോഴിക്കോട് ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ അപലപിച്ചു.

എന്നാൽ യാതൊരു നിയന്ത്രണമില്ലാതെ കോർപ്പറേഷൻ പരിധിയിൽ തെരുവ് കച്ചവടം നടക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. നിബന്ധനകൾ പാലിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് ഭീഷണിയാവുന്ന വിധത്തിലാണ് തെരുവ് കച്ചവടം നടക്കുന്നത്. വഴിയോര കച്ചവടത്തിന് പ്രത്യേക മേഖല അനുവദിച്ച് കൊടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവെങ്കിലും യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് കച്ചവടം വളരുന്നത്. അധികൃതർക്ക് പല തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു.

വെണ്ടിംഗ് കമ്മിറ്റി ചേർന്ന് പ്രത്യേക മേഖല അനുവദിക്കുന്നില്ലെങ്കിൽ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ നൽകുന്ന മുന്നറിയിപ്പ്. ഒരു വിഭാഗം വ്യാപാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ പ്രകടനവും പൊതുയോഗവും നടത്തി. വഴിയോര കച്ചവടക്കാരെ ആക്രമിക്കുന്ന പ്രവണത തുടർന്നാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ പ്രഭീഷ് പറഞ്ഞു. പ്രകടനത്തിന് സംസ്ഥാന കമ്മിറ്റി അംഗം പി.എസ് ബഷീർ, പി നാരായണൻ, ടി.ടി അഹമ്മദ് ഷാഫി, വി. പി മുഹമ്മദ്, പി സുലേഖ, പി.സി. എം സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.