
തലശേരി: ചരിത്രത്തിലാദ്യമായി തലശേരി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വേദിയാകുന്നുവെന്നറിഞ്ഞപ്പോൾ പ്രചാരണത്തിന് എന്ത് ചെയ്യണമെന്ന ആലോചനയിലായിരുന്നു സംഘാടകർ. എന്നാൽ മേളയുടെ കൊടിയേറ്റം മുതൽ എല്ലാവരും ഒരൊറ്റ മനസ്സോടെ പ്രവർത്തിച്ചത് മേളയെ അവിസ്മരണീയമാക്കി. അക്കാഡമി ചെയർമാൻ കമലിന്റെ നേതൃത്വത്തിൽ എല്ലാവരും ഒരുമയുടെ സ്ക്രീനിൽ ഒന്നിക്കുകയായിരുന്നു.
നിരവധി ഇവന്റുകൾക്ക് ഇൻസ്റ്റലേഷനുകളും ലോഗോയും രൂപകൽപന ചെയ്ത് പരിചിതനായ സന്തോഷ് ചിറക്കര ചലച്ചിത്ര മേളയെ സ്വാഗതം ചെയ്യാൻ വ്യത്യസ്തമായ ഒരു കലാ സൃഷ്ടിയൊരുക്കണം എന്ന ചിന്തയിലായിരുന്നു. തലശേരി നഗരത്തിലെ പ്ലാസ്റ്റിക് കുപ്പി മാലിന്യം ഉപയോഗിച്ച് ഇൻസ്റ്റലേഷൻ ചെയ്യാനായിരുന്നു ആദ്യ ചിന്ത. എന്നാൽ അതിലും മികച്ചതായി എന്ത് ചെയ്യാൻ സാധിക്കും എന്ന അന്വേഷണത്തിലാണ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ 1200 ചതുരശ്ര അടിയിൽ വലിയ ഹോർഡിംഗ് കണ്ടെത്തുന്നത്. ഇൻസ്റ്റലേഷൻ എന്ന ആശയം ഹോർഡിംഗിലേക്ക് വഴിമാറാൻ പിന്നീട് അധിക സമയം വേണ്ടിവന്നില്ല. ഈ കലാസൃഷ്ടിയുടെ ചെലവ് മുഴുവൻ വഹിക്കാൻ സന്നദ്ധത അറിയിച്ച് വടകര സർഗ്ഗാലയ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്' സ്വമേധയാ മുന്നോട്ടുവന്നു. എന്നാൽ തങ്ങളുടെ കലാസൃഷ്ടികളിൽ പ്ലാസ്റ്റിക് ഉപയോഗിക്കില്ല എന്ന സർഗ്ഗാലയയുടെ നിബന്ധന സന്തോഷിനെ പ്ലാസ്റ്റിക് കുപ്പികളിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ ഫോം ബോർഡും ചണച്ചാക്കുകളും ഉപയോഗിച്ച് 1200 ചതുരശ്ര അടിയിൽ തലശേരിയുടെ മണ്ണിൽ ഹോർഡിംഗ് ഉയർന്നു. ഉപയോഗശൂന്യമായ 130 മീറ്റർ ചണ ചാക്കുകളാണ് ഹോർഡിംഗിന് ഉപയോഗിച്ചത്.
ഒറ്റ ദിവസം കൊണ്ട് തിരക്കേറിയ നഗരത്തിൽ ഇത്തരത്തിൽ ഒരു ഹോർഡിംഗ് എന്നത് ശ്രമകരമായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. അവിചാരിതമായി പെയ്ത കനത്ത മഴയും കാറ്റും കാര്യങ്ങൾ തകിടം മറിച്ചു. നനഞ്ഞ ചാക്കുകളുമായി തലശ്ശേരി ടൗണിൽ ഒന്നിനും കഴിയാതെ വെറുതെ നിൽക്കേണ്ടി വന്ന ഒരു രാത്രി. സുഹൃത്തുക്കളായ ജിത്തു കോളയാട്, പ്രദീപ് ചൊക്ലി, ശ്രീകുമാർ എരുവട്ടി എന്നിവർ നൽകിയ പിന്തുണയും ധൈര്യവുമാണ് ഇത് പൂർത്തിയാക്കാൻ സഹായിച്ചതെന്ന് സന്തോഷ് പറഞ്ഞു. കലാമേളകളിലെ സ്ഥിരം സാന്നിധ്യമായ 'ടീം തലശ്ശേരി' എന്ന പതിനഞ്ചോളം പേരടങ്ങുന്ന കൂട്ടായ്മയുടെ സഹായവും ഈ കലാസൃഷ്ടിയൊരുക്കുന്നതിൽ സന്തോഷിന് തുണയായി.