shanavas
നരണിപ്പുഴ ഷാനവാസ്

തലശേരി: ചലച്ചിത്ര മേളയിൽ ജനമനസ്സുകളെ കീഴടക്കി നരണിപ്പുഴ ഷാനവാസിന്റെ കരി. 2015 ൽ പുറത്തിറങ്ങിയ ചിത്രം അനേകം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് നിരൂപക ശ്രദ്ധ നേടിയിരുന്നു. എന്നാൽ സൂഫിയും സുജാതയുമെന്ന ജനപ്രിയ സിനിമയാണ് നരണിപ്പുഴ ഷാനവാസ് എന്ന സംവിധായകന്റെ ജനപ്രീതി ഉയർത്തിയത്.

സാമൂഹിക അസമത്വങ്ങളെയും തൊട്ടുതീണ്ടായ്മകളെയും വളരെ ചുരുങ്ങിയ ക്യാൻവാസിൽ ലളിതമായി അവതരിപ്പിച്ചു എന്നതാണ് നരണിപ്പുഴ ഷാനവാസിനെ കരി സിനിമയുടെ സംവിധായകനെന്ന നിലയിൽ വ്യത്യസ്തനാക്കുന്നത്. വടക്കൻ കേരളത്തിലെ അനുഷ്ഠാനകലയായ കരിങ്കാളിതുള്ളലിനെ ആധാരമാക്കിയാണ് ഷാനവാസിന്റെ കഥ പറച്ചിൽ. ആക്ഷേപഹാസ്യരൂപേണ കരിങ്കാളി കോലത്തിന്റെയും കേന്ദ്രകഥാപാത്രങ്ങളായ ഗോപിയുടെയും ബിലാലിന്റെയും യാത്രയിലൂടെ സംവിധായക മികവ് തെളിയിക്കാൻ നരണിപ്പുഴ ഷാനവാസിന് സാധിച്ചിട്ടുണ്ട്. സ്വാഭാവികമായി നമ്മളിൽ നിന്നും പുറത്തുവരുന്ന ജാതി ചിന്തകളെയും അതിനെ മറയ്ക്കുവാൻ മനുഷ്യൻ കണ്ടെത്തുന്ന കാരണങ്ങളെയും സിനിമയിലുടനീളം അദ്ദേഹം വിമർശിച്ചിട്ടുണ്ട്. സാങ്കേതികമായ മികവിനെ മാറ്റിനിർത്തിയാൽ ആശയം അവതരിപ്പിക്കുന്നതിൽ പൂർണമായും വിജയിച്ച സിനിമയാണ് നരണിപ്പുഴ ഷാനവാസിന്റെ ആദ്യ ചിത്രമായ കരി. സംവിധായകനും കഥാകൃത്തും എന്നതിലുപരി ഷാനവാസ് മികച്ച എഡിറ്ററുമായിരുന്നു. മലയാള സിനിമയ്ക്ക് ഒട്ടനേകം വ്യത്യസ്തവും ശക്തവുമായ പ്രമേയങ്ങൾ സംഭാവന ചെയ്യേണ്ടിയിരുന്ന യുവസംവിധായക പ്രതിഭയായിരുന്ന നരണിപ്പുഴ ഷാനവാസ് 2020 ഡിസംബർ 23 നാണ് അകാലത്തിൽ വിട പറഞ്ഞത്.