jonson

കണ്ണൂർ:ജില്ലാ പഞ്ചായത്തിന്റെ കാർഷിക വിപണനമേളയിൽ പഴമയുടെ കാളചക്ക് ആളുകൾക്ക് കൗതുകമാകുന്നു. ഇരിട്ടി കുന്നോത്ത് സ്വദേശിയായ കലവൂർ ജോൺസണാണ് കാളചക്കിൽ നിന്നും ശുദ്ധമായ വെളിച്ചെണ്ണയുണ്ടാക്കി നൽകുന്നത് .

1970 കാലഘട്ടങ്ങളിലാണ് കാളചക്ക് വലിയ തോതിൽ പ്രചാരത്തിലുണ്ടായത്. പിന്നീട് യന്ത്രവത്ക്കരിക്കപ്പെട്ടതോടെ ചക്ക് പിൻവാങ്ങുകയായിരുന്നു. എന്നാൽ മായമില്ലാതെ ഇത്തരത്തിൽ നിർമ്മിക്കുന്ന എണ്ണയ്ക്ക് ഇപ്പോഴും വൻ ഡിമാന്റാണെന്ന് ജോൺസൺ പറഞ്ഞു.
കാളചക്കിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക ഒപ്പം പശുപാലനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോൺസൺ കാളചക്ക് പുനർനിർമ്മിച്ചത്. വീടിന് സമീപം പരമ്പരാഗത രീതിയിൽ കുടിൽ കെട്ടി മരത്തിൽ കടഞ്ഞെടുത്ത ചക്കും പാലക്കാട് നിന്നു പരിശീലനം ലഭിച്ച കാളയേയും കൊണ്ടു വന്നാണ് വെളിച്ചെണ്ണയുണ്ടാക്കുന്നത്.അപൂർവ്വം ഇനത്തിൽപ്പെട്ട മരം ഒരുമാസത്തെ ശ്രമത്തിനൊടുവിലാണ് ചക്കായി രൂപാന്തരപ്പെടുത്തിയത്. സാധാരണ കാള ചക്കിൽ നിന്നും 40 ശതമാനം എണ്ണയാണ് ലഭിക്കുന്നതെങ്കിൽ പുതിയ രീതിയിൽ നിർമ്മിച്ച ചക്കിൽ നിന്നും 50 ശതമാനം എണ്ണ ലഭിക്കും. രണ്ട് തൊഴിലാളികൾ മാത്രമാണ് ഇതിന് ആവശ്യം.

മായമില്ലാത്ത ഭക്ഷ്യ എണ്ണകൾ

പാരമ്പര്യ രീതിയിൽ മരച്ചക്കും കാളയും ഉപയോഗിച്ച് വെളിച്ചെണ്ണ, നല്ലെണ്ണ, കടലയെണ്ണ തുടങ്ങിയ ഭക്ഷ്യ എണ്ണകൾ ഉൽപ്പാദിപ്പിക്കാൻ സാധിക്കും. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 500, ഒരു ലിറ്റർ നല്ലെണ്ണയ്ക്ക് 200 എന്നിങ്ങനെയാണ് വില. വീടിന് മുമ്പിൽ ബോർഡൊന്നും സ്ഥാപിച്ചിട്ടില്ലെങ്കിലും ഓരോ ദിവസവും കളചക്ക് കണ്ട് നിരവധിപ്പേരാണ് എണ്ണ വാങ്ങാൻ എത്തുന്നതെന്നും ജോൺസൺ പറഞ്ഞു.