കണ്ണൂർ: കരസേനയിലെ ആറു വർഷത്തെ സേവനമവസാനിപ്പിച്ച് കൃഷിയിൽ വിജയം കൊയ്യുകയാണ് പിണറായി സ്വദേശി ദിനിൽ പ്രസാദ്. അഞ്ചരക്കണ്ടി പുഴയിൽ കൂട് മത്സ്യ കൃഷിയിലൂടെ ഉത്പ്പാദിപ്പിച്ച നെയ്തൽ (തിലാപ്പിയ) മീനുകളും ദിനിൽ പ്രസാദും കണ്ണൂർ ടൗൺ സ്ക്വയറിൽ കൃഷിവകുപ്പും ജില്ലാ പഞ്ചായത്തും നടത്തുന്ന കാർഷിക വിപണന മേളയിലെ താരങ്ങളാണ്.
പട്ടാളത്തിലെ ജോലിയോട് വിരസത തോന്നിയാണ് 2018 ൽ വളണ്ടിയർ റിട്ടയർമെന്റെടുത്ത് നാട്ടിലെത്തിയത്. സിയാച്ച്, ജമ്മു, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോലി മതിയാക്കി മത്സ്യകൃഷിയിലേക്ക് കടന്നപ്പോൾ വീട്ടുകാരുൾപ്പെടെ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. എങ്കിലും സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹവും ആത്മവിശ്വാസവും ദിനിലിനെ മുന്നോട്ട് നയിച്ചു.
അഞ്ചരക്കണ്ടി പുഴയിൽ തന്നെ ഏഴ് കൂടു കൃഷിയാണ് ദിനിലിനുള്ളത്. നിരവധി ഗുണങ്ങളും ഇവയ്ക്കുണ്ട്. കാൻസറിനെ ചെറുക്കാൻ സാധിക്കുന്ന സെരീനിയ ധാരാളമിവയിലുണ്ട്. ജീവനോടെ പിടിച്ച് കൊടുക്കുന്നതിനാൽ എെസ് ഇടുകയോ മറ്റ് അമോണിയ പോലുള്ള വിഷാംശങ്ങൾ ഉപയോഗിക്കേണ്ടിയോ വരുന്നില്ല. ആഭ്യന്തര വിദേശ വിപണന സാധ്യതകളും ധാരാളമാണ്.
ആദ്യ ദിനം മുതൽ തന്നെ മത്സ്യം വാങ്ങുവാനും കാണുവാനും നിരവധി പേർ ദിനിലിന്റെ സ്റ്റാളിലെത്തുന്നുണ്ട്. ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ എം. പ്രസാദിന്റെയും കയർ സൊസൈറ്റി സെക്രട്ടറി പി.എം. അനിതയുടെയും മകനാണ്. ബി.എഡ് വിദ്യാർത്ഥിയും എസ്.എഫ്.എെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ദിഷ്ണ പ്രസാദ് സഹോദരിയാണ്.
കുറഞ്ഞ ചിലവ്, മികച്ച ലാഭം
നാലു മീറ്റർ നീളവും വീതിയുമുള്ള കൂട് നിർമ്മിക്കാൻ 24,000 രൂപയാണ് ചിലവ്. തീറ്റയ്ക്കായി 70,000 രൂപ ചിലവ് വരും. ഒരു കൂട്ടിൽ 750 മത്സ്യങ്ങളെ വളർത്താം. മൂന്ന് നേരം തീറ്റ നൽകണം. ഒരു കിലോയ്ക്ക് 250 രൂപയാണ് നെയ്തലിന്റെ വില. കരിമീൻ, കാളാഞ്ചി എന്നിവയും ദിനിൽ കൃഷി ചെയ്യുന്നുണ്ട്. സർക്കാരിന്റെയും സി.എം.എഫ്.ആർ.ഐയുടെ സഹായവും ലഭിക്കുന്നുണ്ട്. മാസ വരുമാനം ഒരു ലക്ഷത്തിലധികം വരും. വിഷ രഹിത മത്സ്യം ലഭിക്കുമെന്നതിനാൽ നാട്ടിൽ ദിനിലിന്റെ മത്സ്യത്തിന് വൻ ഡിമാന്റാണ്. വിവിധ കുടുംബശ്രീ സംരംഭകർക്കും മറ്റ് തൽപ്പര വ്യക്തികൾക്കുമുൾപ്പെടെ 25 സ്ഥലങ്ങളിൽ കൃഷി ചെയ്ത് കൊടുത്തിട്ടുണ്ട്. ഇവരെല്ലാം മികച്ച ലാഭവും നേടി വരികയാണ്.